മതനിരപേക്ഷത തകര്‍ക്കാനുള്ള നീക്കത്തിനെതിരേ ജാഗരൂകരാകുക: കല കുവൈറ്റ്
Sunday, January 25, 2015 10:28 AM IST
കുവൈറ്റ് സിറ്റി: മതനിരപേക്ഷത തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ജാഗരൂകരാകണമെണു കല കുവൈറ്റ് 36-ാമത് വാര്‍ഷിക പ്രതിനിധി സമ്മേളനം ഇന്ത്യന്‍ സമൂഹത്തോട് ആഹ്വാനം ചെയ്തു.

ഇന്ത്യന്‍ മതനിരപേക്ഷതയുടെ മഹത്തായ ചരിത്രത്തെ അവഗണിച്ചുകൊണ്ട് ഖര്‍വാപസികള്‍ നമ്മുടെ രാജ്യത്തുടനീളം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്തിന്റെ ചരിത്രം നൂറ്റാണ്ടുകള്‍ പഴക്കമുള്ള മതേതരത്തിന്റെ ചരിത്രമാണ്. നാനാജാതി മനുഷ്യര്‍, ആയിരക്കണക്കിന് വൈവിധ്യങ്ങള്‍, നൂറുകണക്കിന് ഭാഷകള്‍ എല്ലാം ചേര്‍ന്നു വര്‍ണശബളമായ മുത്തുകള്‍ കോര്‍ത്തുവച്ച മനോഹരമായ ഒരു മാല കണക്കേ ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നിന്ന ചരിത്രത്തെയാണു സംഘപരിവാര്‍ശക്തികള്‍ പാടേ തച്ചുതകര്‍ക്കുന്നത്.

ഇന്ത്യ ഹിന്ദുവിന്റേതു മാത്രമാണ് എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളിലൂടെ നമ്മുടെ മതനിരപേക്ഷതയുടെ കടക്കല്‍ കത്തിവയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഇവര്‍. വിശ്വഹിന്ദു പരിഷത്തും ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ ശക്തികളും ചേര്‍ന്ന് നടത്തുന്ന അപകടകരമായ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ കലയുടെ സമ്മേളനം ശക്തമായി അപലപിച്ചു.

ജസ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ നഗറില്‍ (ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍) ചേര്‍ന്ന സമ്മേളനം ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ അമ്മാന്‍ ബ്രാഞ്ച് പ്രിന്‍സിപ്പള്‍ രജേഷ് നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കേവലം മനുഷ്യരാവുന്നതിനപ്പുറം യഥാര്‍ഥ മനുഷ്യസ്നേഹികളായി മാറുക എന്നതാണ് കാലം ആവശ്യപ്പെടുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ രാജേഷ് നായര്‍ സൂചിപ്പിച്ചു.

ജെ. സജി, ആര്‍. നാഗനാഥന്‍, നിമ്മി രാജേഷ് എന്നിവര്‍ അടങ്ങിയ പ്രസീഡിയമാണു സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്. പ്രവര്‍ത്തനവര്‍ഷ കാലയളവില്‍ വിട്ടുപിരിഞ്ഞവരെ അനുശോചിച്ച് സാഹിത്യവിഭാഗം സെക്രട്ടറി ഷാജു വി. ഹനീഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ സൌഹാര്‍ദ പ്രതിനിധികളായി കുവൈറ്റിലെ വിവിധ സാംസ്കാരിക പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തു. ബാലവേദി അബാസിയ മേഖലയിലെ പ്രവര്‍ത്തകര്‍ ആലപിച്ച സ്വാഗത ഗാനത്തോടെയാണു സമ്മേളനം ആരംഭിച്ചത്. ഡാറ്റാബാങ്ക്, മെംബര്‍ഷിപ്പ് പ്രവര്‍ത്തനം എന്നിവയില്‍ സഹകരിച്ച കലയുടെ കുടുംബാംഗങ്ങളായ ആസഫ് അലി, ജിസ്ന എം.വി എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ കല കുവൈറ്റ് പ്രസിഡന്റ് ജെ. സജി, സെക്രട്ടറി ടി.വി. ജയന്‍ എന്നിവര്‍ സമ്മാനിച്ചു. ജോയിന്റ് സെക്രട്ടറി ബാലഗോപാല്‍ സ്വാഗതം ആശംസിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍