ക്ളീവ്ലാന്‍ഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയ്ക്കു സ്വന്തമായി ദേവാലയം
Thursday, January 22, 2015 10:12 AM IST
ഒഹായോ: ക്ളീവ്ലാന്‍ഡിലെ ഒഹായോ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവക 2014 ഡിസംബര്‍ അവസാന വാരത്തില്‍ സ്വന്തമായി ദേവാലയം വാങ്ങി. മെട്രോ ക്ളീവ്ലാന്‍ഡ് ഭാഗമായ മാസിഡോണിയ നഗരകേന്ദ്രത്തിലാണു പുതിയ ദേവാലയം സ്ഥിതിചെയ്യുന്നത്. അഞ്ച് ഏക്കര്‍ സ്ഥലത്തിനുള്ളില്‍ 1987-ല്‍ പണികഴിപ്പിച്ച അയ്യായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ദേവാലയമാണു ദൈവകൃപയാല്‍ വാങ്ങാന്‍ സാധിച്ചതെന്ന് വികാരി ഫാ. ജയിംസ് ചെറിയാനും കമ്മിറ്റി അംഗങ്ങളും അറിയിച്ചു. ഒഹായോയില്‍ ഇന്ത്യന്‍ വംശജരായ ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയമാണിത്.

പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായ വളരെ ചെറിയ ഈ ഇടവക 1990-കളുടെ തുടക്കംമുതല്‍ മുടങ്ങാതെ വിശുദ്ധ കുര്‍ബാനയും പ്രാര്‍ഥനായോഗങ്ങളും നടത്തിവരുന്നു. തൊണ്ണൂറുകളുടെ അവസാനത്തോടെ കുര്‍ബാന അര്‍പ്പണം മാസത്തില്‍ ഒന്നുവീതവും പിന്നീട് 2004 മുതല്‍ രണ്ടു തവണ എന്ന രീതിയിലും ക്രമീകരിച്ചു. 2009-ല്‍ സൌത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്ത ഈ കോണ്‍ഗ്രിഗേഷനെ ഇടവകയായി ഉയര്‍ത്തി. റവ.ഫാ. ജെയിംസ് ചെറിയാന്‍ 2012 മുതല്‍ ഇടവക വികാരിയായി സേവനം അനുഷ്ഠിക്കുന്നു.

മാത്യു വി. തോമസ് (ട്രസ്റി), ജോയ്സ് ജോസഫ് (സെക്രട്ടറി), ഡോ. തോമസ് പി. മാത്യു (ഡയോസിഷന്‍ കൌണ്‍സില്‍ പ്രതിനിധി), ഏബ്രഹാം പന്നിക്കോട്ട് (ബില്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍), ഷിനോയ് വര്‍ഗീസ്, ഷിബി തോമസ്, സുബിന്‍ ജോര്‍ജ് എന്നിവരാണ് മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍.

ഗ്രേറ്റര്‍ ക്ളീവ്ലാന്‍ഡിലും സമീപ പ്രദേശങ്ങളായ കൊളംബസ്, സിന്‍സിനാറ്റി, പിറ്റ്സ്ബര്‍ഗ് നഗരങ്ങളിലും താമസിക്കുന്ന എല്ലാ ജനങ്ങള്‍ക്കും ഈ ദേവാലയം അനുഗ്രഹപ്രദമായിത്തീരും എന്ന പ്രത്യാശയോടെ വികാരിയും ഇടവകാംഗങ്ങളും എല്ലാവരുടെയും പ്രാര്‍ഥനയും സഹകരണവും അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.ഴൃെേലഴീൃശീരെഹല്ലഹമിറ.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം