യുഎസ് മാതൃകയില്‍ ഇന്ത്യയില്‍ കമ്യൂണിറ്റി കോളജുകള്‍ ആരംഭിക്കാന്‍ സഹായം
Thursday, January 22, 2015 8:13 AM IST
കാലിഫോര്‍ണിയ: അമേരിക്കയില്‍ നിലവിലുളള കമ്യൂണിറ്റി കോളജ് സിസ്റം ഇന്ത്യയില്‍ ആരംഭിക്കുന്നതിനു സഹായം നല്‍കുമെന്നു യുഎസ് കോണ്‍ഗ്രസ്മാന്‍ അമി ബെറെ പറഞ്ഞു. ഇന്ത്യയില്‍ എട്ടു ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി അമേരിക്കയില്‍ തിരിച്ചെത്തിയ യുഎസ് കോണ്‍ഗ്രസിലെ ഏക ഇന്ത്യന്‍ വംശജന്‍, ഇന്ത്യയിലെ വ്യാപാര, കൃഷി, വിദ്യാഭ്യാസ വിദഗ്ധന്മാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇതുസംബന്ധിച്ച് അഭിപ്രായപ്പെട്ടത്. ഇതിനായി യുഎസ് യൂണിവേഴ്സിറ്റികളുമായി സഹകരിച്ച് ഇന്ത്യന്‍ യൂണിവേഴ്സിറ്റികളില്‍ ഇതിനുളള സൌകര്യം സൃഷ്ടിക്കുമെന്നും അമി ബെറെ പറഞ്ഞു.

ഇന്ത്യയില്‍ ഇപ്പോള്‍ കമ്യൂണിറ്റി കോളജ് സിസ്റം നിലവിലില്ലെന്നും എല്ലാ വിദ്യാര്‍ഥികള്‍ക്കും കോളജ് വിദ്യാഭ്യാസം സൌജന്യമായി നല്‍കുന്നതിനുളള സാധ്യത വളരെ വിരളമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ കമ്യൂണിറ്റി കോളജ് സിസ്റത്തിന്റെ ഒരു ഇന്‍ഫ്രാ സ്ട്രക്ചര്‍ രൂപീകരിക്കുന്നതിന് അമേരിക്ക സഹായം നല്‍കുമെന്നും അമി ബെറ അറിയിച്ചു.

കാലിഫോര്‍ണിയ സാക്രമെന്റോയില്‍നിന്നു യുഎസ് കോണ്‍ഗ്രസിലേക്കു തെരഞ്ഞെടുക്കപ്പെട്ട അമി ബെറ, ഇന്ത്യന്‍ സന്ദര്‍ശനത്തിനു പുറപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റ് ടീമില്‍ അംഗമാണ്.

അമേരിക്കന്‍ പ്രസിഡന്റിനോടൊപ്പം ഇന്ത്യ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചത് ഇന്ത്യന്‍ മാതാപിതാക്കളുടെ മകന്‍ എന്ന നിലയില്‍ കൂടുതല്‍ അഭിമാനം നല്‍കുന്നതായി അമി ബെറ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍