ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ കുടുംബ നവീകരണ സെമിനാറുകള്‍
Thursday, January 22, 2015 8:10 AM IST
ഷിക്കാഗോ: സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഇടവകയില്‍, ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കുടുംബ നവീകരണ സെമിനാറുകള്‍ക്കു തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി നടത്തുന്ന പ്രധാന സെമിനാര്‍, ഫെബ്രുവരി ഒന്നിന് ദിവ്യബലിക്കുശേഷം ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഫാ. പോള്‍ ചാലിശേരി നയിക്കും.

ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കുടുംബവര്‍ഷാചരണത്തിന്റെ ഭാഗമായി, ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഇടവകയില്‍ വിവിധ പദ്ധതികള്‍ക്കാണു ഫാമിലി കമ്മീഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്. മാസത്തിലൊരിക്കലുള്ള കുടുംബനവീകരണ സെമിനാറുകള്‍. കുടുംബനവീകരണ ധ്യാനം, ഉല്ലാസയാത്രകള്‍, കുടുംബദിനാചരണം, ദമ്പതി സംഗമം, ദമ്പതികളുടെ വിവാഹവാര്‍ഷികാചരണങ്ങള്‍ എന്നിവയും ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ നടക്കുമെന്ന് ഇടവകയിലെ ഫാമിലി കമ്മീഷന്‍ ചെയര്‍മാനായ റ്റോണി പുല്ലാപ്പള്ളി അറിയിച്ചു.

റ്റോണി പുല്ലാപ്പള്ളി, അജിമോള്‍ പുത്തന്‍പുരയില്‍, മോളമ്മ തൊട്ടിച്ചിറ, ജോര്‍ജ് പുല്ലോര്‍കുന്നേല്‍, മഞ്ജു ചകരിയാന്തടം, ജോയി മുതുകാട്ടില്‍ എന്നിവരാണ് ഫാമിലി കമ്മീഷന് നേതൃത്വം നല്‍കുന്നത്. ഇടവക നവീകരണത്തിനായുള്ള പദ്ധതികളില്‍ എല്ലാവരും പങ്കെടുത്ത് ഇടവകയിലെ എല്ലാ കുടുംബങ്ങളും കൂടുതല്‍ വിശുദ്ധിയിലേക്കു വളരണമെന്നു വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് അറിയിച്ചു.

റിപ്പോര്‍ട്ട്: ബിനോയി കിഴക്കനടി