'ഭാരതത്തിന്റെ മതസൌഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണം'
Wednesday, January 21, 2015 6:10 AM IST
ദമാം: ഇന്ത്യയുടെ മതസൌഹാര്‍ദ്ദം തകര്‍ത്ത് രാജ്യത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ മതേതര ജനാതിപത്യശക്തികള്‍ ഒന്നിക്കേണ്ട സമയം അതിക്രമിച്ചുവെന്നും ഇന്ത്യയുടെ മഹത്വവും പാരമ്പര്യവും അറിയാത്തവരുടെ കൈകളില്‍ രാജ്യഭരണം കൊണ്ടുചെന്നെത്തിച്ചത് മതേതര ജനാധിപത്യ ശക്തികള്‍ ചേരിതിരിഞ്ഞ് നിലകൊണ്ടതിന്റെ ഫലമാണ്, എന്നത് ഇനിയും തിരിച്ചറിയാത്തവര്‍ പരോക്ഷമായി ഫാസിസ്റ് ശക്തികള്‍ക്ക് അധികാരത്തിലേക്കുള്ള വഴിവെട്ടുകയാണെന്ന് സമ്മേളനം കുറ്റപെടുത്തി.

ഇത്തരം കപട മതേതര വാദികളെ ജനം തിരിച്ചറിഞ്ഞു പ്രതികരിക്കുന്ന കാലം വിദൂരമല്ലന്നും കേരളത്തില്‍ പോലും ഘര്‍ വാപ്പസി പോലുള്ള വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന ഫാസിസ്റ് അജണ്ടകള്‍ നടപ്പാക്കാന്‍ അനുവദിച്ചുകൊണ്ട് ഗവണ്‍മെന്റ് കാഴ്ചക്കാരായി നില്‍ക്കുകയാണെന്നും നവയുഗം സാംസ്കാരിക വേദി ദമാം കൊദരിയ ഈസ്റ് യുണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപെട്ടു.

നവയുഗം കേന്ദ്ര കമ്മിറ്റി ജോയിന്റ് സെക്രട്ടറി എം.എ വാഹിദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്റ് നഹാസ് എ.കെഎം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു നെല്ലില പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രക്ഷാധികാരി എസ്. പ്രസന്നന്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ബിനീഷ് മിഡില്‍ ഈസ്റ് സ്വാഗതവും കെ.എസ്. താജുദീന്‍ നന്ദിയും പറഞ്ഞു. നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഉണ്ണി പൂച്ചടിയില്‍ മുഖ്യപ്രഭാഷണം നടത്തി.

നവയുഗം ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജി മതിലകം, ദമാം മേഖല പ്രസിഡന്റ് റിയാസ് ഇസ്മായില്‍, ദമാം മേഖലാ സെക്രട്ടറി നവാസ് ചാന്നാങ്കര, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റെജിലാല്‍ ലാലു, ഷാന്‍ പെരാഴംമൂഡ്, അഷറഫ് തലശേരി, ബാബുകുട്ടന്‍, നജീബ് പുളിക്കൊടി, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം