അഞ്ച് വയസുകാരന്റെ കയ്യിലിരുന്ന തോക്ക് ഒമ്പത് മാസമുളള സഹോദരന്റെ ജീവനപഹരിച്ചു
Wednesday, January 21, 2015 3:11 AM IST
മിസോറി: വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരന്റെ കയ്യില്‍ ലഭിച്ച തോക്ക് അബദ്ധത്തില്‍ പൊട്ടി സഹോദരനായ ഒമ്പത് മാസം പ്രായമുളള കുഞ്ഞു മരിച്ചു

ജനുവരി 19-ന് തിങ്കളാഴ്ച നോര്‍ത്ത് വെസ്റ്റേണ്‍ മിസോറിയിലാണ് ദാരുണ സംഭവം നടന്നത്. വീട്ടില്‍ അതിഥിയായി എത്തിയ വ്യക്തി അലക്ഷ്യമായി ബെഡിനു മുകളിലിട്ട തോക്ക് അഞ്ചു വയസുളള കുട്ടി എടുത്ത് കളിക്കുകയായിരുന്നു. സഹോദരനുമായി കളിക്കുന്നതിനിടയില്‍ തോക്കില്‍ നിന്നുളള വെടിയുണ്ട കുഞ്ഞനുജന്റെ തലയില്‍ തുളച്ചുകയറി.

വീട്ടിലുണ്ടായിരുന്ന മാതാവ് കുഞ്ഞിനെ ചില്‍ഡ്രന്‍സ് മേഴ്സി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇതിനകം കുട്ടി മരിച്ചിരുന്നു. നെഡോവെ കൌണ്ടി ഷെറിഫ് ഡാറന്‍ വൈറ്റാണ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. തോക്കുകള്‍ കൈവശമുളളവര്‍ സുരക്ഷിത സ്ഥാനങ്ങളില്‍ അവ സൂക്ഷിക്കുകയും യാതൊരു കാരണവശാലും കുട്ടികള്‍ക്ക് ലഭിക്കുകയുമില്ല എന്ന് ഉറപ്പാക്കുകയും വേണമെന്ന് ചീഫ് ആവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍