'മോദി സര്‍ക്കാരും കോര്‍പ്പറേറ്റകളുടെ വക്താക്കള്‍ തന്നെ'
Tuesday, January 20, 2015 9:47 AM IST
ജിദ്ദ: പെട്രോളിയം ഉത്പന്നങ്ങളുടെ വില ക്രമാതീതമായി കുറഞ്ഞിട്ടും അതിന്റെ ഗുണഫലങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാതെ, തീരുവ വര്‍ധിപ്പിച്ച് ഖജനാവ് മാത്രം ലക്ഷ്യമാക്കി നീങ്ങുന്ന മോദി സര്‍ക്കാര്‍, മുന്‍ യുപിഎ നയനിലപാടുകള്‍ തന്നെയാണ് പിന്തുടരുന്നതെന്ന് ഐഎംസിസി ബഹറിന്‍ കമ്മിറ്റി പ്രസിഡന്റും നാഷണല്‍ യൂത്ത് ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറിയുമായ മൊയ്ദീന്‍ കുട്ടി പുളിക്കല്‍ പറഞ്ഞു.

ഐഎംസിസി ജിദ്ദ കമ്മിറ്റി ഹില്‍ടോപ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തില്‍ വന്നാല്‍ നൂറു ദിവസത്തിനുള്ളില്‍ വിദേശ രാജ്യങ്ങളിലെ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള മുഴുവന്‍ കള്ളപ്പണവും തിരിച്ചു കൊണ്ടുവരുമെന്ന് പറഞ്ഞ മോദി, ഇപ്പോള്‍ മൌനം അവലംബിക്കുകയാണ്. ഫാസിസ്റു ശക്തികള്‍ രാജ്യത്ത് നടപിലാക്കി കൊണ്ടിരിക്കുന്ന 'ഘര്‍ വാപ്പസി' ചടങ്ങുകളില്‍ നാം അങ്ങേയറ്റം ജാഗ്രത പുലര്‍തേണ്ടതുണ്െടന്നും അദ്ദേഹം പറഞ്ഞു.

ജിദ്ദ കമ്മിറ്റി പ്രസിഡന്റ് ഹംസ പള്ളിക്കര ചടങ്ങില്‍ ആധ്യക്ഷത വഹിച്ചു. ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി 10 കോടി രൂപ ചിലവില്‍ കോഴിക്കോട് നിര്‍മിക്കുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ട് കള്‍ച്ചറല്‍ സെന്റര്‍ ഒരു നാഴിക കല്ലായി മാറുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഉപദേശക സമിതി ചെയര്‍മാന്‍ കെ.പി അബൂബക്കര്‍ യോഗം ഉദ്ഘാടനം ചെയ്തു. എ.പി.എഗഫൂര്‍, ശരീഫ് കാവുങ്ങല്‍, ലുക്മാന്‍ തിരൂരങ്ങാടി, സി.എച്ച് അബ്ദുള്‍ ജലീല്‍, പി.എം അനീസ് ബാബു കോഴിക്കോട്, മണ്‍സൂര്‍ വണ്ടൂര്‍, ഷൌക്കത്ത് തുവൂര്‍, ഇബ്രാഹിം വേങ്ങര, നൌഷാദ് തൂത, മുഹമ്മദ് കുട്ടി വൈലത്തൂര്‍, ഇസ്ഹാഖ് മാരിയാട്, ഷിഹാബ് വേങ്ങര എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി എ.എം.അബ്ദുള്ള കുട്ടി സ്വാഗതവും അലിഹസന്‍ മാട്ര നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍