ന്യൂയോര്‍ക്കില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ സപ്തതി പിന്നിട്ട വിശ്വാസികളെ അദരിച്ചു
Tuesday, January 20, 2015 9:46 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടുകളിലെ ആദ്യകാല കുടിയേറ്റക്കാരായ മലങ്കര ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ പ്രവാസ ലോകത്തെ സഭയുടെ രൂപീകരണത്തിനും വളര്‍ച്ചയ്ക്കും അക്ഷീണം പ്രവര്‍ത്തിച്ചവരാണെന്നും ഇന്നാട്ടില്‍ സഭയുടെ വേരുകള്‍ ഉറപ്പിക്കാന്‍ കാരണക്കാരായവരാണെന്നും നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ നിക്കോളാവോസ്.

ജനുവരി 11ന് (ഞായര്‍) എല്‍മോണ്ട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ന്യൂയോര്‍ക്കിലെ ക്വീന്‍സ് ബ്രൂക്കിലിന്‍ ലോംഗ് ഐലന്‍ഡ് ഏരിയയിലെ സപ്തതി പിന്നിട്ട വിശ്വാസികളെ ആദരിക്കാന്‍ കൂടിയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഭാ നേതൃത്വം പള്ളികളുണ്ടാക്കി വിശ്വാസിക്കു കൊടുക്കുകയല്ല, മറിച്ച് ഉപരിപഠനത്തിനും മറ്റുമായി ഇവിടെ എത്തിയ വൈദികരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ ചെറിയ കൂട്ടായ്മകളായി ആരാധനകള്‍ നടത്തുകയും ആരാധനാലയങ്ങള്‍ ഉണ്ടാക്കുകയുമാണ് ചെയ്തിട്ടുള്ളത്. അമേരിക്കന്‍ ഭദ്രാസനങ്ങളിലെ സഭാ പ്രവര്‍ത്തനങ്ങള്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്കുതന്നെ മാതൃകയായി പരിണമിച്ചു എന്ന് കാതോലിക്ക ബാവയുടെ വാക്കുകള്‍ ഉദ്ധരിച്ച് മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു.

സമ്മേളനത്തില്‍ ക്വീന്‍സ്, ബ്രൂക്കിലിന്‍, ലോംഗ് ഐലന്‍ഡ് പ്രദേശത്തുള്ള സീനിയേഴ്സിനോടും വൈദീകരോടുമൊപ്പം ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളും മറ്റു ആത്മീയ സംഘടനകളും ഭാരവാഹികളും പങ്കെടുത്തു.

ചടങ്ങില്‍ അധ്യക്ഷത വഹിച്ച സക്കറിയാസ് മാര്‍ നിക്കോളാവോസ് ഉപഹാരങ്ങള്‍ നല്‍കി സപ്തതി പിന്നിട്ടവരെ ആദരിച്ചു. സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ലോംഗ് ഐലന്റ്, സെന്റ് ഗ്രിഗോറിയോസ് എല്‍മോണ്ട്, സെന്റ് ബസേലിയോസ് എല്‍മോണ്ട്, സെന്റ് ബേസില്‍, ഫ്രാങ്ക്ളിന്‍ സ്ക്വയര്‍, സെന്റ് ഗ്രിഗോറിയോസ് ചെറിലെയിന്‍, ജാക്സണ്‍ ഹൈറ്റ്സ്, സെന്റ് ബസേലിയോസ്, ബ്രൂക്കിലിന്‍, സെന്റ് സ്റീഫന്‍സ്, ലോംഗ്ഐലന്റ് എന്നീ പള്ളികളില്‍നിന്നുള്ള മുതിര്‍ന്നവരെയാണ് സമ്മേളനത്തില്‍ ആദരിച്ചത്.

ഭദ്രാസനത്തിലെ മുതിര്‍ന്നവരെ ആദരിക്കാന്‍ ലഭിച്ച അവസരം തനിക്കുള്ള ആദരവായി കാണുന്നുവെന്ന് മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു.

പരിപാടികളുടെ ജനറല്‍ കോഓര്‍ഡിനേറ്റര്‍ കൂടിയായ കൌണ്‍സില്‍ മെംബര്‍ ഫിലിപ്പോസ് ഫിലിപ്പ് , സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി വികാരി വെരി റവ. യേശുദാസന്‍ പാപ്പന്‍ കോര്‍എപ്പിസ്കോപ്പ എന്നിവര്‍ പ്രസംഗിച്ചു.

ചടങ്ങിനു മുന്നോടിയായി നടന്ന പ്രാര്‍ഥന ഗാനത്തിന് മിനി കോശി, സജി കോശി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ആദരവ് ഏറ്റുവാങ്ങിയ സീനിയേഴ്സിനെ പ്രതിനിധീകരിച്ച് കോശി ഫിലിപ്പ്, സരോജ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

അജിത് വട്ടശേരില്‍ കൃതജ്ഞത ആശംസിച്ചു പ്രസംഗിച്ചു. കൌണ്‍സില്‍ മെംബര്‍ ഷാജി വര്‍ഗീസ്, ഭദ്രാസന അല്‍മായ ട്രസ്റി വര്‍ഗീസ് പോത്താനിക്കാട് എംസിയായി ചടങ്ങ് നിയന്ത്രിച്ചു. സെന്റ് ഗ്രിഗോറിയോസ് പള്ളി ഇടവകാംഗങ്ങള്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.