ഉത്സവപ്പൊലിമയോടെ 'പുതുവത്സരത്തനിമ 2015' അരങ്ങേറി
Monday, January 19, 2015 10:14 AM IST
കുവൈറ്റ്: പുതുവര്‍ഷത്തിന്റെ ആഹ്ളാദനിറവ് പ്രസരിപ്പിച്ചുകൊണ്ട് തനിമ അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ 'പുതുവത്സരത്തനിമ 2015' അരങ്ങേറി.

നാടന്‍ കരോള്‍ സംഘങ്ങളുടെ സംഗീതവീചികളും സന്നാഹങ്ങളും സമന്വയിപ്പിച്ച മത്സരവേദി പ്രേക്ഷകര്‍ക്ക് ഹൃഹാതുരത്വമുണര്‍ത്തി.

നാടന്‍ കരോള്‍ മത്സരത്തില്‍ കെഎംആര്‍എം യുവജ്യോതി ജേതാക്കളായി. വോയിസ് ഓഫ് ബഥനി റണ്ണേഴ് അപ്പായി. മാര്‍ ബസേലിയോസ് യൂത്ത് അസോസിയേഷനാണ് മൂന്നാം സ്ഥാനം. വിജയികള്‍ക്ക് ട്രോഫികളും കാഷ് അവാര്‍ഡും സമ്മാനിച്ചു.

യുവതലമുറയുടെ പങ്കാളിത്തത്തിനുള്ള അവാര്‍ഡ് കെഎംആര്‍എം യുവജ്യോതിയും മുതിര്‍ന്ന തലമുറയുടെ പങ്കാളിത്തത്തിനുള്ള അവാര്‍ഡ് മാര്‍ ബസേലിയോസ് യൂത്ത് അസോസിയേഷനും മികച്ച ക്രിസ്മസ് പാപ്പയ്ക്കുള്ള അവാര്‍ഡ് അഗാപ്പ പ്രയര്‍ ഗ്രൂപ്പിനും സമ്മാനിച്ചു.

2014ലും 2015 ലും കേരള സംഗീത, നാടക അക്കാഡമി പ്രവോസി കലാശ്രീ പുരസ്കാരം നേടിയ ബാബു ചാക്കോള, കെ.പി ബാലകൃഷ്ണന്‍ എന്നിവര്‍ക്കുള്ള തനിമയുടെ പുരസ്കാരങ്ങള്‍ രഘുനാഥന്‍ നായര്‍, അഡ്വ. ജോണ്‍ തോമസ് എന്നിവര്‍ യഥാക്രമം സമ്മാനിച്ചു. ജോണി കുന്നില്‍ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി.

പൊതുസമ്മേളനത്തില്‍ പുതുവത്സരത്തനിമ 2015 കണ്‍വീനര്‍ മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രഫ. മേരി മാത്യു, അഡ്വ. വിദ്യ സുമോദ്, സുജുറിയ മിത്തേല്‍ എന്നിവര്‍ പുതുവത്സര സന്ദേശം നല്‍കി. രാജു സക്കറിയ സ്വാഗതവും ഇക്ബാല്‍ കൂട്ടമംഗലം നന്ദിയും പറഞ്ഞു.

പരിപാടിയോടനുബന്ധിച്ച് പ്രമുഖ ഗായകര്‍ അവതരിപ്പിച്ച സംഗീത പരിപാടിയും കുട്ടിത്തനിമ അംഗങ്ങള്‍ അവതരിപ്പിച്ച നൃത്ത-സാംസ്കാരിക പരിപാടികളും അരങ്ങേറി. നാടന്‍ കരോള്‍ മത്സരത്തില്‍ പങ്കെടുത്ത ടീമുകള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍