കല കുവൈറ്റ്, മുപ്പത്തിയാറാം വാര്‍ഷിക പ്രതിനിധിസമ്മേളനം ജനുവരി 23ന്
Monday, January 19, 2015 10:11 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികളുടെ സാമൂഹ്യ, സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യമായ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ മുപ്പത്തിയാറാം വാര്‍ഷിക പ്രതിനിധിസമ്മേളനം ജനുവരി 23ന് (വെള്ളി) രാവിലെ 10 മുതല്‍ ജസ്റീസ് വി.ആര്‍.കൃഷ്ണയ്യര്‍ നഗറില്‍ (ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍, ഖൈത്താന്‍) നടക്കും.

കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന സംഘടന റിപ്പോര്‍ട്ടും സാമ്പത്തിക റിപ്പോര്‍ട്ടും സമ്മേളനം അംഗീകരിക്കും. പുതിയ സംഘടനാ തീരുമാനങ്ങളും 2015 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള കേന്ദ്ര ഭാരവാഹികളെയും സമ്മേളനം തെരഞ്ഞെടുക്കും.

വഫ്ര മുതുല്‍ ജഹറ വരെ നീണ്ടു കിടക്കുന്ന പ്രദേശങ്ങളിലായി പ്രവര്‍ത്തിക്കുന്ന കലയുടെ 42 യൂണിറ്റു സമ്മേളനങ്ങളും തുടര്‍ന്ന് ഫഹഹീല്‍, അബാസിയ, സാല്‍മിയ മേഖല സമ്മേളങ്ങളും പൂര്‍ത്തിയാക്കിയാണ് വാര്‍ഷിക സമ്മേളനം നടക്കുന്നത്. മേഖല സമ്മേളനത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 277 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.

സമ്മേളനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കല കുവൈറ്റ് പ്രസിഡന്റ് ജെ.സജിയും ജനറല്‍ സെക്രട്ടറി ടി.വി.ജയനും പത്രക്കുറിപ്പില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍