ഇന്ത്യന്‍ അമേരിക്കനെന്നല്ല അമേരിക്കനെന്ന് വിളിക്കണം : ഗവര്‍ണര്‍ ബോബി ജിന്‍ഡാല്‍
Monday, January 19, 2015 7:18 AM IST
വാഷിംഗ്ടണ്‍: തന്നെ ഇന്ത്യന്‍ അമേരിക്കനെന്നല്ല അമേരിക്കനെന്ന് വിളിക്കണമെന്നു ഗവര്‍ണര്‍ ബോബി ജിന്‍ഡാല്‍. ദശാബ്ദങ്ങള്‍ക്ക് മുമ്പ് മാതാപിതാക്കള്‍ അമേരിക്കയിലേക്കു കുടിയേറിയത് അമേരിക്കരാകുന്നതിനാണ്. ഇന്ത്യന്‍ അമേരിക്കന്‍ എന്നറിയപ്പെടുന്നതിനല്ല. മാധ്യമങ്ങള്‍ ഗവര്‍ണര്‍ ബോബി ജിന്‍ഡാളിനെ ഇന്ത്യന്‍ അമേരിക്കന്‍ എന്ന വിശേഷിപ്പിക്കുന്നതിനെ കുറിച്ചു പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലുളള വിശേഷണം ഇവിടെയുളള ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനുവരി 19 ന് ലണ്ടന്‍ സന്ദര്‍ശനത്തിനു പുറപ്പെടും മുമ്പു തയാറാക്കിയ പ്രസംഗത്തിന്റെ ഉളളടക്കം വിശദീകരിക്കുകയായിരുന്നു ബോബി ജിന്‍ഡാളിന്റെ ഓഫിസ്.

ഉയര്‍ന്ന അവസരങ്ങള്‍ക്കായും പരിപൂര്‍ണ സ്വാതന്ത്യ്രം പ്രതീക്ഷിച്ചും അമേരിക്കയില്‍ എത്തുന്നവര്‍ അമേരിക്കക്കാരായിട്ടാണ് അറിയപ്പെടേണ്ടത്. ഇന്ത്യക്കാരനെന്നറിയപ്പെടണമെങ്കില്‍ ഇന്ത്യയില്‍ തന്നെ കഴിയണം. ലോകത്തിലെ എല്ലാ രാജ്യങ്ങളേയും സ്നേഹിക്കുന്നതുപോലെ ഇന്ത്യയേയും ഞാന്‍ സ്നേഹിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ അമേരിക്കനെന്ന് വിളിക്കുന്നതു ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ബോബി വ്യക്തമാക്കി.

വ്യത്യസ്ത സംസ്കാരവും പാരമ്പര്യവും വിശ്വാസവും കാത്തു സൂക്ഷിക്കാനുളള അവകാശം എല്ലാവര്‍ക്കും ലഭിക്കുന്നു. ഇവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും അതത് സര്‍ക്കാരുകളില്‍ നിക്ഷിപ്തമാണ്. അമേരിക്കയിലെത്തിയവര്‍ക്ക് ഇന്ത്യന്‍- അമേരിക്കന്‍, ഐറിഷ് അമേരിക്കന്‍, ആഫ്രിക്കന്‍ അമേരിക്കന്‍ തുടങ്ങിയ വിശേഷങ്ങള്‍ നല്‍കുന്നതു ഭൂഷണമല്ല.

ലൂസിയാന ഗവര്‍ണര്‍ ആയി തുടരുന്ന ബോബി 2016 ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് പദത്തില്‍ കണ്ണും നട്ടിരിക്കുന്ന ബോബിയുടെ ഈ തിരിച്ചറിവ് രാഷ്ട്രീയ നിരീക്ഷകരില്‍ കൌതുകം ഉണര്‍ത്തി. ഇന്ത്യന്‍ സമൂഹം ഈ പ്രസ്താവനയെ എങ്ങനെ വിലയിരുത്തുമെന്ന് അറിയണമെങ്കില്‍ കുറച്ചു നാള്‍ കൂടി കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍