കൌമാരക്കാരെ തേടി തീവ്രവാദി ഗ്രൂപ്പുകള്‍
Monday, January 19, 2015 7:15 AM IST
ടെക്സസ്: കൌമാരക്കാരെതേടി തീവ്രവാദി ഗ്രൂപ്പുകള്‍ വിദേശ കാമ്പസുകളില്‍ സജീവമാകുകയാണന്ന്് പ്രമുഖ മനഃശാസ്ത്രജ്ഞനും നേതൃത്വ പരിശീലകനുമായ ഡോ. ലൂക്കോസ് മന്നിയോട്ട് പറഞ്ഞു. ആര്‍ലിംഗ്ടണിലെ ട്രിനിറ്റി സെന്ററില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വര്‍ഷം മാത്രം യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് ഇസ്ലാമിസ്റ് തീവ്രവാദി ഗ്രൂപ്പായ ഐഎസില്‍ ചേര്‍ന്നത് ആറായിരത്തിലധികം യുവതിയുവാക്കളെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പഠനത്തിനുവേണ്ടി വീടുവിട്ടുനില്‍ക്കുന്ന കൌമാരക്കാരായ കുട്ടികളെ മാതാപിതാക്കള്‍ കൂടുതല്‍ ജാഗ്രതയോടെ ശ്രദ്ധിക്കണം. കൌമാരപ്രായത്തില്‍ സാഹസിക സ്വഭാവങ്ങള്‍ക്ക് ആര്‍ജവം കൂടുതലായതുകൊണ്ട് അവരെ സ്വാധീനിക്കുവാന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് എളുപ്പമാണ്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ തീവ്ര ആശയങ്ങളില്‍ പ്രചോദിതരായി പഠനം ഉപേക്ഷിച്ച് രാജ്യദ്രോഹ കുറ്റങ്ങള്‍ക്ക് വിധേയപ്പെടുകയും ജയിലില്‍ അടയ്ക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നവരുടെ സംഖ്യ കൂടിവരികയാണ്.

അടുത്ത കാലത്ത് തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്ന് പിടിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും കൌമാരക്കാരും യുവതിയുവാക്കളുമാണ്. സമര്‍ഥരായ കുട്ടികളെ ആദര്‍ശങ്ങളും ആശയങ്ങളും കുത്തിനിറച്ച് അവരെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന രാജ്യദ്രോഹ സംഘടനകളുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. ചെറിയ കുട്ടികളുടെ കൈയില്‍പോലും ആയുധം പിടിച്ചേല്‍പ്പിച്ച് വിശുദ്ധയുദ്ധം പ്രഖ്യാപിക്കുന്ന തീവ്രവാദ സംഘടനകള്‍ ഇന്ത്യന്‍ യുവതലമുറയില്‍ വേരോട്ടത്തിനുവേണ്ടി യത്നിക്കുകയാണ്. പണവും മറ്റ് എല്ലാ സൌകര്യങ്ങളും നല്‍കി അവരെ ആക്രമണത്തിനുവേണ്ടി സജ്ജരാക്കുന്നു. നമ്മുടെ കുട്ടികളെ ഈശ്വര ഭയത്തിലും മൂല്യങ്ങളിലും ഉറപ്പിച്ചുനിര്‍ത്തുവാന്‍ സമയം കണ്െടത്തണമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ഡെറിക്സണ്‍, ഫിലിപ്പ് എബ്രാഹം, ലിഡിയ പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.