നവ മാധ്യമങ്ങളുടെ പുതു ഉദ്യമങ്ങളുമായി ജിദ്ദാ സോഷ്യല്‍ മീഡിയ ഫോറം
Monday, January 19, 2015 7:14 AM IST
ജിദ്ദ: മാനവികതയിലൂന്നിയ സന്ദേശങ്ങളും സൌഹൃദങ്ങളും പൊതു സമൂഹത്തിനു മുന്നില്‍ ഫലപ്രദമായ രീതിയില്‍ പ്രചരിപ്പിക്കുന്നതിനും സാമൂഹിക തിന്മകള്‍ക്കെതിരെ പ്രതികരിക്കുന്നതിനുമുള്ള ഉപാധിയായി സോഷ്യല്‍ മീഡിയകളെ പ്രയോജനപ്പെടുത്താന്‍ സാധിക്കണമെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രസ്, ഇന്‍ഫോ ആന്‍ഡ് കള്‍ച്ചര്‍ കോണ്‍സുല്‍ ഡോ. ഇര്‍ഷാദ് അഹമ്മദ് പറഞ്ഞു.

ശറഫിയ ഇംബാല ഗാര്‍ഡനില്‍ നടന്ന ജിദ്ദ സോഷ്യല്‍ മീഡിയ ഫോറം ലോഞ്ചിംഗ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അദ്ദേഹം സംഘടനയുടെ നയപ്രഖ്യാപനങ്ങള്‍ അധ്യക്ഷന്‍ ഉസ്മാന്‍ ഇരിങ്ങാട്ടീരി നടത്തി. ചെയര്‍മാന്‍ കെ.ടി അബൂബക്കര്‍ സംഘടനയെ സദസിനു പരിചയപ്പെടുത്തി.

ആശയങ്ങളും പ്രതികരണങ്ങളും നിമിഷ നേരങ്ങള്‍കൊണ്ട് ലോകമെമ്പാടും എത്തിക്കുന്നതില്‍ സോഷ്യല്‍ മീഡിയ വഹിക്കുന്ന പങ്ക് വിസ്മയകരമാണെന്നും ആ മീഡിയക്ക് പുതുതായ നിരവധി ഉദ്യമങ്ങള്‍ ഏറ്റെടുക്കാനാവുമെന്നും അങ്ങനെ ഏറ്റെടുത്ത് ചരിത്രത്തില്‍ ഇടം നേടിയ നിരവധി സംഭവങ്ങള്‍ക്ക് നാം സാക്ഷിയായിട്ടുണ്െടന്നും പ്രശസ്ത ബ്ളോഗര്‍ ബഷീര്‍ വള്ളിക്കുന്ന് നവമാധ്യമങ്ങളുടെ പുതു ഉദ്യമങ്ങള്‍ എന്ന വിഷയം അവതരിപ്പിച്ചു പറഞ്ഞു.

ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഒരു പെണ്‍കുട്ടി സോഷ്യല്‍ മീഡിയയിലൂടെ തുടക്കം കുറിച്ച വംശീയ അതിക്രമങ്ങള്‍ക്കെതിരെ വിന്താലു എന്ന് പേരിട്ട പ്രക്ഷോഭം, വിക്കിലീക്സ് വെളിപ്പെടുത്തലുകള്‍, അറബ് വസന്തവും മുല്ലപ്പൂ വിപ്ളവവും, ഡല്‍ഹി പീഡനത്തിനെതിരെ ബഹുജന പ്രതിഷേധം തുടങ്ങി സമരത്തിന്റെ ആശയത്തില്‍ അഭിപ്രായ വ്യത്യാസമുള്ള ചുംബന സമരം വരെ പുതു ഉദ്യമങ്ങളുടെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. ലോക ജനസംഖ്യയുടെ നാല്‍പ്പത് ശതമാനം ആളുകള്‍ ഇന്ന് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. അതുപയോഗിക്കുന്നവരുടെ എണ്ണത്തിലെ വളര്‍ച്ച വാര്‍ഷിക ജനസംഖ്യാ വളര്‍ച്ചയുടെ പത്തിരട്ടി വേഗതയിലാണ്. ലോകം മുഴുവന്‍ സൌജന്യ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പ് വരുത്താനുള്ള വന്‍ പദ്ധതികള്‍ക്കാണ് ഇപ്പോള്‍ ശ്രമങ്ങള്‍ നടക്കുന്നത്. സോഷ്യല്‍ മീഡിയ നല്‍കുന്ന സാധ്യതകളോടൊപ്പം അത് നല്‍കുന്ന ഉത്തരവാദിത്വങ്ങളെക്കൂടി കണക്കിലെടുത്തുകൊണ്ടാവണം അവയെ ഉപയോഗപ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പത്ര മാധ്യമങ്ങളെ പ്രതിനിധീകരിച്ചു പി.കെ ഗഫൂര്‍ (അറബ് ന്യൂസ്), ഹസന്‍ ചെറൂപ്പ (സൌദി ഗസറ്റ്), സിഒടി അസീസ് (മലയാളം ന്യൂസ്), സി.കെ ശാക്കിര്‍ (മിഡില്‍ ഈസ്റ് ചന്ദ്രിക), മൂസകുട്ടി വെട്ടികാട്ടീരി (ഗള്‍ഫ് മാധ്യമം) എന്നിവരും ദൃശ്യ മാധ്യമങ്ങളെ പ്രതിനിധീകരിച്ചു സുള്‍ഫിക്കര്‍ ഒതായി, സാദിഖലി തുവൂര്‍ എന്നിവരും പ്രസംഗിച്ചു. കെ.എം രമേശ് മേനോന്‍ ആശംസ പറഞ്ഞു. അപഥ സഞ്ചാര സാധ്യതകള്‍ ഏറെയുള്ള സോഷ്യല്‍ മീഡിയയുടെ സാമൂഹിക പ്രതിബദ്ധതയും ഉത്തരവാദിത്വങ്ങളും വളരെ വലുതാണെന്നും മാധ്യമങ്ങള്‍ പൂഴ്ത്തിവയ്ക്കുന്ന വാര്‍ത്തകളെ പൊതുമധ്യത്തില്‍ തുറന്നെഴുതാനും സോഷ്യല്‍ മീഡിയകള്‍ ഹാജരാകണമെന്ന് ഡോ. ഇസ്മയില്‍ മരിതേരി പറഞ്ഞു.

പ്രശസ്ത ഗായകരായ സയിദ് മഷ്ഹൂദ് തങ്ങള്‍, ജമാല്‍ പാഷ, മന്‍സൂര്‍ ഫറോക്ക് എന്നിവരുടെ നേതൃത്വത്തില്‍ കെ.ജെ കോയയുടെ ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടുകൂടിയുള്ള ഗസലും നടന്നു. ജനറല്‍ സെക്രട്ടറി ലത്തീഫ് നെല്ലിചോട് മൂര്‍ത്തള എന്നിവര്‍ അവതാകരായിരുന്നു. ശറഫു പാണായി, അരുവി മോങ്ങം അബ്ദുള്ള മുക്കണ്ണി, സമദ് കാരാടന്‍, സലാം കരുമാരോട്ട്, കൊമ്പന്‍ മൂസ, ബഷീര്‍ തൊട്ടിയന്‍, രതീഷ് ചെമ്മരത്തൂര്‍, നൌഫല്‍ പുറക്കാട് സിറാജുദ്ദീന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍