മെല്‍ബണില്‍ കേസി മലയാളി ഫോറം ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷിച്ചു
Saturday, January 17, 2015 7:46 AM IST
മെല്‍ബണ്‍: മെല്‍ബണ്‍ സൌത്ത് മലയാളി കൂട്ടായ്മയായ കേസി മലയാളി ഫോറം ക്രിസ്മസ്, ന്യൂഇയര്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചു. നാരേവാറന്‍ ഡോണ്‍ ബോസ്കോ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങുകളും കലാപരിപാടികളും പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കുന്ന തരത്തിലുളളതായിരുന്നു.

ഉണ്ണിയേശുവിന്റെ ജനനം അനുസ്മരിപ്പിക്കുന്ന ടാംബ്ളോയോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. ജോസ് എം. ജോര്‍ജ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം റവ. ഫാ. ബാബു വടക്കേക്കര നിര്‍വഹിച്ചു.

കലാതിലകം രാഖി ആനന്ദിന്റെ ക്ളാസിക്കല്‍ ഡാന്‍സും റോസ്മിന്‍ റോയി- കൃഷ്ണ സന്തോഷ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച ഇന്ത്യന്‍ ക്ളാസിക്കല്‍ മിക്സ്, ശീതള്‍ ജോസും ശ്രുതി ജോസും ചേര്‍ന്ന് അവതരിപ്പിച്ച ബോളിവുഡ് ഡാന്‍സ്, അലീനയും ജോവാനയും ചേര്‍ന്നൊരുക്കിയ ഡാന്‍സ്, പഴയ ഗാനങ്ങളുമായി ഉണ്ണി കൃഷ്ണനും മറ്റു ഗായകരും ഒരുക്കിയ ഗാനമേള, റോയി തോമസ് സംവിധാനം ചെയ്ത് ജോണി മറ്റം തിരക്കഥ ഒരുക്കിയ സ്കിറ്റ് എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടന്നു.

വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ക്രിസ്മസ് സമ്മാനം റവ. ഫാ. ആന്‍സണ്‍ തോമസ് വിതരണം ചെയ്തു. തുടര്‍ന്ന് വിഭവസമൃദ്ധമായ ഡിന്നറും സംഘാടകര്‍ ഒരുക്കി. കള്‍ച്ചറല്‍ പ്രോഗ്രാമിന് ഐസി റോയി നേതൃത്വം നല്‍കി. ജോണി വര്‍ഗീസ് നന്ദി പറഞ്ഞു.