ഡാളസ് സൌഹൃദ വേദിയുടെ രണ്ടാമത് വാര്‍ഷികവും ഇന്ത്യന്‍ റിപ്പബ്ളിക് ദിനാഘോഷവും ജനുവരി 24 ന്
Friday, January 16, 2015 6:23 AM IST
ഡാളസ്: പ്രവാസി മനസുകളില്‍ കേരളത്തനിമ വരച്ചു കാട്ടിയ ഡാളസ് സൌഹൃദ വേദിയുടെ രണ്ടാമത് വാര്‍ഷികവും 65-ാമത് ഇന്ത്യന്‍ റിപ്പബ്ളിക് ദിനാഘോഷവും ജനുവരി 24 ന് കരോള്‍ട്ടണിലെ സെന്റ് ഇഗ്നേഷ്യസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കും.

സംയുക്ത ആഘോഷങ്ങളുടെ ഒരുക്കത്തിന് കരോള്‍ട്ടണിലുള്ള സാബു മലയാളി റസ്ററന്റില്‍ കൂടിയ പൊതുയോഗം പരിപാടിയുടെ വിജയത്തിനുവേണ്ടി വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു തുടക്കം കുറിച്ചു.

സെക്രട്ടറി അജയ കുമാറിന്റെ സ്വാഗത പ്രസംഗത്തോടുകൂടി വൈകിട്ട് 5.30 ന് യോഗ നടപടികള്‍ ആരംഭിക്കും. പ്രസിഡന്റ് എബി തോമസ് അധ്യക്ഷത വഹിക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ ഡാളസിലെ പ്രശസ്ത മനഃശാസ്ത്രവിദഗ്ധനും അടുത്ത കാലത്ത് പട്ടത്വ ശുശ്രൂഷയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതുമായ റവ.ഡോ. രഞ്ജന്‍ റോയ് മാത്യു റിപ്പബ്ളിക് സന്ദേശവും പുതു വര്‍ഷത്തെ പൊതുപരിപാടികളുടെ തുടക്കം എന്ന നിലയില്‍ ഐശ്യര്യത്തിന്റെ പ്രതീകമായ നിലവിളക്ക് തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്യും.

ജീവകാരുണ്യ പ്രവര്‍ത്തനത്തിനുവേണ്ടി സമാഹരിക്കുന്ന സൌഹൃദ ചാരിറ്റി ഫണ്ടിന്റെ ഉദ്ഘാടനം പറുദീസയിലെ യാത്രക്കാരന്‍ എന്ന നോവലിലൂടെ പ്രവാസി മലയാളികളുടെ പ്രശംസ പിടിച്ചു പറ്റിയ മലയാള ഭാഷാസ്നേഹി ഏബ്രഹാം തെക്കേമുറി നിര്‍വഹിക്കും. സുകു വര്‍ഗീസ്, സുനിത ജോര്‍ജ് എന്നിവരാണ് കലാ പരിപാടികളുടെ ചുക്കാന്‍ പിടിക്കുന്നത്.

കേവലം ഏഴു പേരുമായി തുടക്കമിട്ട ഈ സംഘടന നാനൂറിലധികം അംഗങ്ങളുള്ള ഡാളസിലെ പ്രധാന സംഘടനയായി വളര്‍ന്നു. ഡാളസില്‍ വളര്‍ന്നു പന്തലിക്കുന്ന ഈ പ്രസ്ഥാനത്തിനു ജാതി മതഭേദമെന്യേ പ്രവാസി സ്നേഹിതരുടെ അളവറ്റ സഹകരണം നല്‍കി വരുന്നു. ഡാളസിലെ മലയാളികള്‍ക്കിടയില്‍ നടത്തുന്ന കലാ, സാംസ്കാരിക പ്രവര്‍ത്തനത്തോടോപ്പം നാട്ടിലുള്ള അശരണരുടെ ഇടയില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്.

നേതൃത്വത്തിനുവേണ്ടി കടിപിടി കൂട്ടി തമ്മിലടിച്ചു പിളര്‍ന്നു കൊണ്ടിരിക്കുന്ന പ്രവാസി സംഘടനകള്‍ക്ക് ഡാളസ് സൌഹൃദ വേദിയിലെ പ്രവര്‍ത്തകരുടെ ഐക്യവും ഉദാത്തമായ പ്രവര്‍ത്തന ശൈലിയും എടുത്തു പറയേണ്ടതാണ്.