ഇന്ത്യന്‍-അമേരിക്കന്‍ ബാലികയ്ക്ക് ലോകറിക്കാര്‍ഡ്
Friday, January 16, 2015 6:22 AM IST
ന്യുയോര്‍ക്ക്: ലോക ഭൂപടത്തിലെ 196 രാജ്യങ്ങളുടേയും സ്വതന്ത്ര ടെറിറ്ററികളുടേയും (ആകെ 202) സ്ഥാനം നാലര മിനിട്ടുകൊണ്ട് ചൂണ്ടിക്കാണിച്ചു കൊണ്ട് മൂന്ന് വയസുകാരിയായ ഇന്ത്യന്‍ അമേരിക്കന്‍ ബാലിക ലോക റിക്കാര്‍ഡിനര്‍ഹയായി.

ന്യുയോര്‍ക്കിലെ ഇന്ത്യന്‍ ദമ്പതിമാരായ ജയശ്രീയുടെയും റഘു റാമിന്റെയും മകള്‍ വിഹാന്‍ ചമാലയാണ് ഈ അത്ഭുത പ്രകടനം കാഴ്ച വച്ചത്.

റിക്കാര്‍ഡ് സെറ്റര്‍ ഓര്‍ഗനൈസേഷന്‍ ജഡ്ജിമാരുടെ സാന്നിധ്യത്തില്‍ നടന്ന തിരിച്ചറിയല്‍ പരിപാടിയില്‍ ഏഷ്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സ്, മിറക്കിള്‍ വേള്‍ഡ് റിക്കാര്‍ഡ് പ്രതിനിധികളും ഹാജരായിരുന്നു.

മാതാവായ ജയശ്രീയാണ് കുട്ടിയെ ഭൂപടത്തെക്കുറിച്ചു പറഞ്ഞു മനസിലാക്കിയത്. അമേരിക്കയില്‍ ജനിച്ചു വളരുമ്പോള്‍ തന്നെ ഇംഗ്ളീഷിനു പുറമെ മാതാപിതാക്കള്‍ കുട്ടിയെ മാതൃഭാഷയായ തെലുങ്ക് പഠിക്കുന്നതിന് പ്രോത്സാഹനം നല്‍കി വരുന്നു. തെലുങ്ക്, ഇംഗ്ളീഷ് അക്ഷരങ്ങള്‍ നല്ലതുപോലെ സംസാരിക്കുന്ന കുട്ടി ഗ്രഹങ്ങള്‍, ദിവസം, മാസം എന്നിവയുടെ പേരുകളും മനഃപാഠമാക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍