ഇന്ത്യന്‍ വംശജ കമല ഹാരിസ് യുഎസ് സെനറ്റിലേക്കുളള സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു
Wednesday, January 14, 2015 10:08 AM IST
കാലിഫോര്‍ണിയ: ഇന്ത്യന്‍ വംശജയും കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലുമായ കമല ഹാരിസ് 2016 ല്‍ നടക്കുന്ന യുഎസ് സെനറ്റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ജനുവരി 13 ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

33 വര്‍ഷം കോണ്‍ഗ്രസ് അംഗമായിരുന്ന ബോക്സര്‍ റിട്ടയര്‍ ചെയ്യുന്ന സീറ്റിലാണ് കമല ഹാരിസ് മത്സരിക്കുന്നത്.

രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്െടത്തുന്നതിനും യുവതലമുറക്ക് ശരിയായ നേതൃത്വം നല്‍കുന്നതിനും ഞാന്‍ പ്രതിജ്ഞാബന്ധമാണെന്ന് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനുശേഷം നടത്തിയ പ്രസ്താവനയില്‍ കമല ഹാരിസ് പറഞ്ഞു. തൊഴിലില്ലായ്മയും വേതന മരവിപ്പും മൂലം വീര്‍പ്പു മുട്ടുന്ന ഇടത്തരം കുടുംബാംഗങ്ങളുടെ ഉദ്ധാരണത്തിനായി പ്രവര്‍ത്തിക്കുക എന്നതായിരിക്കും മുഖ്യ അജണ്ട എന്ന് ഹാരിസ് കൂട്ടി ചേര്‍ത്തു.

ഇന്ത്യയില്‍ നിന്നും കുടിയേറിയ ഡോ. ശ്യാമള ഗോപാലന്റേയും ജമൈക്കയില്‍ നിന്നുളള ഡൊണാള്‍ഡ് ഹാരിസിന്റേയും മകളായി ഓക്ലാന്റിലായിരുന്നു കമലാ ഹാരിസിന്റെ ജനനം. മാതാപിതാക്കള്‍ ഇരുവരും കോളജ് പ്രഫസര്‍മാരായിരുന്നു. സാന്‍ഫ്രാന്‍സിസ്കൊ ബെ ഏരിയായില്‍ നിന്നും രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന കമല സ്റേറ്റ് അറ്റോര്‍ണി പദത്തിലെത്തി ചേര്‍ന്ന ആദ്യ ഏഷ്യന്‍ അമേരിക്ക വനിതയാണ്. വാഷിംഗ്ടണ്‍ ഹവാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമ ബിരുദവും കരസ്ഥമാക്കി. ബെസ്റ് ലുക്കിംഗ് അറ്റോര്‍ണി ജനറലെന്ന് ഒബാമ വിശേഷിപ്പിച്ച കമല 2008 ലും 2012 ലും ഒബാമ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യ പങ്കു വഹിച്ചു. കമലയുടെ ഏക സഹോദരി മായ ഫോര്‍ഡ് ഫൌണ്േടഷന്‍ വൈസ് പ്രസിഡന്റാണ്. വക്കീലായ ഡഗ്ളസ് ആണ് ഭര്‍ത്താവ്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍