മദ്യനിരോധനമല്ല ബോധവത്കരണമാണ് അഭികാമ്യം: കുവൈറ്റ് പ്രവാസി സമൂഹം
Wednesday, January 14, 2015 10:07 AM IST
കുവൈറ്റ് : സമ്പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ലെന്നും ബോധവത്കരണത്തിലൂടെ മാത്രമേ മദ്യനിരോധനം സാധ്യമാകുകയുള്ളുവെന്നും കുവൈറ്റിലെ പ്രവാസി സംഘടനാ പ്രതിനിധികള്‍. കുവൈറ്റിലെ ഒഐസിസി വെല്‍ഫെയര്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കുവൈറ്റിലെ വിവിധ സാമൂഹ്യ, സംസ്കാരിക, രാഷ്ട്രീയ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തിയ 'കേരള മദ്യനയം ശരിതെറ്റുകള്‍' എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു വിവിധ സംഘടനാ പ്രതിനിധികള്‍.

ഒഐസിസി വെല്‍ഫെയര്‍ വിഭാഗം ചെയര്‍മാന്‍ ഹരീഷ് തൃപ്പൂണിത്തുറയുടെ അധ്യഷതയില്‍ കുവൈറ്റ് ഒഐസിസി പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര സംവാദം ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ നന്മയും ചിന്താശേഷിയും പൂര്‍ണമായും കൈവിട്ടു പോകാതിരിക്കാന്‍ മദ്യനിരോധനമാണ് ഉത്തമമായ മാര്‍ഗം, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടും ലക്ഷ്യവും ഘട്ടം ഘട്ടമായുള്ള മദ്യനിരോധനം തന്നെയാണെങ്കിലും ഒറ്റയടിക്കു നിരോധനമേര്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ നല്ല ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെട്ടേക്കാവുന്ന തരത്തില്‍ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ മദ്യനയം അനവസരത്തിലുള്ളതായിരുന്നുവെന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തെ രൂക്ഷമായ ഗ്രുപ്പുവഴക്കുകളാണ് മദ്യനയം ഇത്രത്തോളം സമൂഹത്തില്‍ ചര്‍ച്ചചെയ്യപ്പെടാന്‍ സാഹചര്യമൊരുക്കിയതെന്നും കേരളത്തിലെ ഇടതുപക്ഷം എന്നും മദ്യനിരോധനത്തോട് പൂര്‍ണമായും സഹകരണമനോഭാവമാണ് പുലര്‍ത്തിയതന്ന കാര്യം മറക്കരുതെന്നും കല പ്രതിനിധി സജി ഓര്‍മിപ്പിച്ചു. എന്നാല്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ പുനരധിവാസകാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ഇടതുപക്ഷം തയാറല്ലെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധരാണെന്നും കൂട്ടിച്ചേര്‍ത്തു. ബാര്‍ മുതലാളിയായ അടൂര്‍ പ്രകാശിനെ മന്ത്രിസഭയിലിരുത്തി എങ്ങനെയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനു ബാറുകള്‍ അടച്ചിടണമെന്നു പറയാനാകും എന്നദ്ദേഹം ചോദിച്ചു. ഒഐസിസി വനിതാവിഭാഗം ചെയര്‍പേഴ്സണ്‍ റാഫിയ അനസ്, കെഐജി പ്രതിനിധി സക്കീര്‍ ഹുസൈന്‍ തുവൂര്‍, ഒഐസിസി പ്രതിനിധി വര്‍ഗീസ് ജോസഫ്, ഐഎന്‍എല്‍ പ്രതിനിധി സത്താല്‍ കുന്നില്‍, കെഎംസിസി പ്രതിനിധി ഫറൂക്ക് ഹമദാനി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വെല്‍ഫെയര്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ അര്‍ഷാദ് അഹമ്മദ് സ്വാഗതവും വെല്‍ഫെയര്‍ ജില്ലാ കണ്‍വീനര്‍ ഷംസുദ്ദീന്‍ കേച്ചേരി നന്ദിയും പറഞ്ഞു.

എല്ലാ രാഷ്ട്രീയാഭിപ്രായവ്യത്യാസങ്ങളും മറന്ന് കുവൈറ്റിലെ പ്രവാസി സംഘടനാ പ്രതിനിധികള്‍ ഒരൊറ്റ വേദിയില്‍ അണിനിരന്നത് പ്രശംസനീയമാണെന്നും തുടര്‍ന്നും പരസ്പരം സഹകരിച്ചും സഹായിച്ചും പ്രവാസി മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി ഒരുമിച്ചു നില്‍ക്കാമെന്നും ചര്‍ച്ച നിയന്ത്രിച്ച വെല്‍ഫയര്‍ വിഭാഗം ചെയര്‍മാന്‍ ഹരീഷ് തൃപ്പൂണിത്തുറ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍