ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരള വിഭാഗം യുവജനോത്സവം ജനുവരി 16 മുതല്‍
Wednesday, January 14, 2015 6:29 AM IST
മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരള വിഭാഗം ഇന്ത്യന്‍ കമ്യുണിറ്റി ഫെസ്റിവലിനോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന കലാ സാഹിത്യമത്സരങ്ങള്‍ ജനുവരി 16, 30, 31 തീയതികളിലും ഫെബ്രുവരി ആറ്, ഏഴ് തീയതികളിലുമായി നടക്കും. മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടിനൃത്തം, ഒപ്പന, തിരുവാതിര, സംഘനൃത്തം തുടങ്ങിയ നൃത്ത ഇനങ്ങളും ലളിതഗാനം, ശാസ്ത്രീയ സംഗീതം, മാപിളപ്പാട്ട്, നാടന്‍പാട്ട്,വടക്കന്‍പാട്ട്, സംഘഗാനം, കഥാപ്രസംഗം എന്നിവയ്ക്ക് പുറമെ, അന്തരിച്ച സംഗീത സംവിധായകന്‍ ദേവരാജന്‍ മാസ്റര്‍ക്ക് ആദരമര്‍പ്പിച്ചു കൊണ്ട് സിനിമാഗാനവും മത്സര ഇനങ്ങളായി ഉണ്ടാവും. പ്രസംഗ മത്സരം, കവിതാലാപനം തുടങ്ങിയവ മലയാളത്തിലും ഇംഗ്ളീഷിലും ഉണ്ടായിരിക്കും. ഉപകരണ സംഗീത മത്സരത്തില്‍ കീബോര്‍ഡ് മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഏകാഭിനയം, പ്രച്ഛന്നവേഷം, നിശ്ചലദൃശ്യങ്ങള്‍ എന്നീ ഇനങ്ങളിലും മത്സരങ്ങള്‍ ഉണ്ടായിരിക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന സ്കൂളിന് ട്രോഫിയും സമ്മാനിക്കും. മത്സരങ്ങള്‍ വിലയിരുത്തുന്നത് കേരളത്തില്‍ നിന്നും പ്രത്യേകമായി എത്തിച്ചേരുന്ന വിധികര്‍ത്താക്കളുടെ നേതൃത്വത്തിലായിരിക്കും.

16 ന് (വെള്ളി) രാവിലെ മുതല്‍ ചിത്രരചന, പെയിന്റിംഗ് മത്സരങ്ങളും, ഉച്ചക്ക് ശേഷം മലയാളത്തിലും ഇംഗ്ളീഷിലുമുള്ള ലേഖനം, കഥാരചന, കവിതാരചനാ മത്സരങ്ങളും നടക്കും.

മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ പേര് രജിസ്റര്‍ ചെയ്യാന്‍ സാധിക്കാതെ വന്നവര്‍ 16 ന് (വെള്ളി) ഇന്ത്യന്‍ സോഷ്യല്‍ ക്ളബില്‍ നേരിട്ട് എത്തേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള വിഭാഗത്തിന്റെ ംംം.ശരെസലൃമഹമംശിഴ.ീൃഴ എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ 92338105, 96099769, 92844722 എന്നീ മൊബൈല്‍ നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യണം.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം