ഗീതാമണ്ഡലത്തില്‍ തിരുവാതിര രാവ് അരങ്ങേറി
Wednesday, January 14, 2015 3:07 AM IST
ഷിക്കാഗോ: ഷിക്കാഗോയിലെ ഗീതാമണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി നടന്ന ധനുമാസ തിരുവാതിര ആഘോഷങ്ങള്‍ ശ്രദ്ധേയമായി. ധനുമാസത്തിലെ തിരുവാതിര- ശ്രീപരമേശ്വരന്റെ ജന്മനാള്‍- മലയാളത്തിന്റെ പൊന്‍കസവുടുത്ത പ്രാര്‍ത്ഥനയുടെ ഓര്‍മ്മകളാണ്. ക്ഷിപ്രസാദിയും, ക്ഷിപ്രകോപിയും, ചരാചര രക്ഷകനുമായ ശ്രീപരമേശ്വരനെ തപസു ചെയ്ത പുണ്യം, മലയാളത്തിന്റെ പെണ്‍മനം വൃതമെടുത്ത് നേടുന്ന പുണ്യദിനം. നോമ്പുനോറ്റ് ശ്രീപരമേശ്വരന്റെ അനുഗ്രഹത്തിനുവേണ്ടി പ്രാര്‍ത്ഥിച്ച് രാവു വൈകുമ്പോള്‍ കൈകൊട്ടി കളിച്ച് പ്രാദേശികമായ വിഭവങ്ങളോടെയുള്ള ഭക്ഷണം കഴിച്ചാണ് തിരുവാതിര നാള്‍ അവസാനിക്കുക.

കേരളത്തിന്റെ തനതു പൈതൃകം ഹൃദയങ്ങളില്‍ പേറുന്ന ഷിക്കാഗോയിലെ വനിതകള്‍ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളോടെ തിരുവാതിര ആഘോഷിച്ചു. കൂടിയിരുന്നവര്‍ക്കെല്ലാം തിരുവാതിര രാവിന്റെ സവിശേഷതയും ഐതീഹ്യപ്പെരുമയും ലക്ഷ്മി നായര്‍ വിശദീകരിച്ചു. പ്രായഭേദമെന്യേ എല്ലാവരേയും തിരുവാതിരകളിയില്‍ പങ്കെടുപ്പിക്കുവാന്‍ ലക്ഷ്മി വാര്യരുടെ ശ്രമം വിജയപ്രദമായി.

പരമ്പരാഗത രീതിയില്‍ ഒരുക്കിയ വിഭവങ്ങള്‍ കഴിച്ച്, പാതിരാപ്പൂവും ചൂടിയാണ് മലയാളിപ്പെണ്‍കൊടികള്‍ ധനുമാസരാവിന്റെ പുണ്യംപേറിയ തിരുവാതിര ആഘോഷങ്ങള്‍ ഗീതാമണ്ഡലത്തില്‍ അവസാനിപ്പിച്ചത്. മിനി നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം