വാട്ടര്‍ഫോര്‍ഡ് മലയാളി കമ്യൂണിറ്റി ക്രിസ്മസ്-പുതുവത്സരം ആഘോഷിച്ചു
Wednesday, January 14, 2015 3:07 AM IST
ഹൂസ്റന്‍: ഗ്രെയിറ്റര്‍ ഹൂസ്റനിലെ മിസൌറി സിറ്റിയിലുള്ള വാട്ടര്‍ഫോര്‍ഡ് മലയാളി കമ്യൂണിറ്റിയുടെ ക്രിസ്തമസ്-പുതുവല്‍സര ആഘോഷപരിപാടികള്‍ അത്യന്തം ആഹ്ളാദകരവും ആകര്‍ഷകവുമായി. ജനുവരി 10-ാംതീയതി വൈകുന്നേരം മിസൌറി സിറ്റിയിലെ സെന്റ് ജോസഫ്സ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു ആഘോഷങ്ങള്‍.

മുഖ്യാതിഥിയായെത്തിയ സാന്താക്ളോസ് നൃത്തം ചെയ്യുകയും പാരഡിഗാനങ്ങള്‍ ആലപിക്കുകയും വളരെ അര്‍ത്ഥവത്തായ ക്രിസ്മസ്-നവവല്‍സര സന്ദേശം നല്‍കുകയും ചെയ്തു. വില്‍സന്‍ മാത്യുവായിരുന്നു സാന്താക്ളോസായി വേഷമിട്ടത്. വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റ് എ.സി. ജോര്‍ജ് ഏവര്‍ക്കും സ്വാഗതമാശംസിച്ചു പ്രസംഗിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സുജ തോമസ്, വിവിധ കലാപരിപാടികള്‍ക്ക് ആമുഖം നല്‍കുകയും അവതാരികയായി പ്രവര്‍ത്തിക്കുകയും ചെയ്തു.

ക്രിസ്മസ്-നവവല്‍സര ആഘോഷങ്ങളെ അവിസ്മരണീയമാക്കിയ വൈവിധ്യമേറിയ കലാപ്രകടനങ്ങളായ ലളിതഗാനങ്ങള്‍, കരോള്‍ ഗാനങ്ങള്‍, നാടോടി ഗാനങ്ങള്‍, നാടോടി നൃത്തങ്ങള്‍, സമൂഹനൃത്തങ്ങള്‍, സിനിമാറ്റിക് നൃത്തങ്ങള്‍, ഉപകരണസംഗീതം, കാവ്യശില്‍പ്പങ്ങള്‍ എല്ലാം അതീവ ഹൃദ്യമായിരുന്നു. ഗാനങ്ങള്‍ ആലപിച്ചത് ജസീന്താ റോണ്‍സി, ആഷ്ലി തോമസ്, ക്രിസ് തോമസ്, എമില്‍ മാത്യൂസ്, കെന്നത്ത് തോമസ്, സിന്‍ജു ചാക്കൊ തുടങ്ങിയവരായിരുന്നു. നൃത്തങ്ങള്‍ അവതരിപ്പിച്ചത് ഗോപികാ ബാബു, ഷാരന്‍, ഐറിന്‍, മരിയ, സ്നേഹ, ചഞ്ചല്‍, ജോവിറ്റ്, അന്‍ജല്‍, റബേക്കാ, മീരാബെല്‍, മിച്ചല്‍ എന്നിവരായിരുന്നു. ക്രിസ്തുമസ് സ്ക്കിറ്റില്‍ അഭിനയിച്ചവര്‍ അഞ്ചല്‍, ചഞ്ചല്‍, ജോസ്, റബേക്കാ, മിച്ചല്‍, റോഷന്‍ തുടങ്ങിയവരായിരുന്നു. നേറ്റിവിറ്റി സീന്‍ അവതരണത്തില്‍ കെന്നി, ഹാന്‍സെന്‍, മീരാബെല്‍ ജോവിറ്റ്, നവ്യ, ആരന്‍, ഹെലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുതിര്‍ന്ന പുരുഷന്മാരുടെ നൃത്തത്തില്‍ ജോഷി, ഷിബു, മനോജ്, ബിനു, ഡൈജു, സണ്ണി, വിക്ടര്‍, സ്ളിബിന്‍, സാമുവല്‍, ഷാജി എന്നിവര്‍ ചുവടുവെച്ചു. ജൂലിയായും ആഷ്ലിയും ഉപകരണ സംഗീതം അവതരിപ്പിച്ചു.

സെക്രട്ടറി സണ്ണി ജോസഫ് നന്ദിപ്രസംഗം നടത്തി. പരിപാടികള്‍ക്ക് ജോബിന്‍സ് ജോസഫ്, സണ്ണി ജോസഫ്, ജോണ്‍ വര്‍ക്ഷീസ്, ഷിബു ജോണ്‍, മഞ്ചു ജോയി മനോജ്, എബ്രാഹം വര്‍ഗീസ്, സുജ തോമസ്, സോണി സൈമണ്‍, റിനി ഡൈജു, ബിനു സക്കറിയ, ഡൈജു മുട്ടത്ത്, ജോഷി ആന്റെണി, എ.സി. ജോര്‍ജ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ക്രിസ്തുമസ് ഡിന്നറോടെ ആഘോഷങ്ങള്‍ പര്യവസാനിച്ചു.

റിപ്പോര്‍ട്ട്: എ.സി. ജോര്‍ജ്