മുസ്ളിം നാമധാരികള്‍ നടത്തുന്ന അക്രമങ്ങള്‍ക്ക് ഇസ്ളാമിന്റെ പിന്തുണയില്ല: ഡോ. ഹുസൈന്‍ മടവൂര്‍
Saturday, January 10, 2015 5:04 AM IST
മസ്കറ്റ് :മനുഷ്യ സമൂഹം സാഹോദര്യത്തോടെ വര്‍ത്തിക്കണമെന്ന സന്ദേശമാണ് വിശുദ്ധ ഖുര്‍ആനിന്റേതെന്നും തീവ്രവാദത്തിനും ഭീകരതക്കും ഇസ്ളാം എതിരാണെന്നും ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ജനറല്‍ സെക്രട്ടറിയും കേന്ദ്ര ന്യുനപക്ഷ ബോര്‍ഡ് കോര്‍ഡിനേറ്ററുമായ ഡോ.ഹുസൈന്‍ മടവൂര്‍ പ്രസ്താവിച്ചു.

ലോകത്തിന്റെ ചില ഭാഗങ്ങളില്‍ മുസ്ളിം നാമധാരികള്‍ നടത്തുന്ന അക്രമങ്ങള്‍ക്ക് ഇസ്ളാമിക സമൂഹത്തിന്റെയും മുസ്ളിം സംഘടനകളുടെയും പിന്തുണ യില്ലാത്തതും അതുകൊണ്ടാണ് .ഇസ്ളാം സ്നേഹത്തിന്റേയും കരുണയുടെയും സമാധാനതിന്റെയും മതമാണെന്നും.എല്ലാ വിധ തീവ്ര ഭീകര ചിന്തകള്‍ക്കും വിശുദ്ധ ഖുര്‍ആന്‍ എതിരാണെന്നും അദ്ദേഹം ഓര്‍മ്മിപിച്ചു.

കേരള ഇസ്ളാഹി ക്ളാസ് റൂം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന മലയാളികള്‍ക്കായി സംഘടിപ്പിച്ച നാലാമത് അന്താരാഷ്ട്ര ഓണ്‍ലൈന്‍ ഖുര്‍ആന്‍ പാരായണ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സീനിയര്‍, ജൂനിയര്‍, കിഡ്സ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത് .ജൂനിയര്‍ വിഭാഗത്തില്‍ അബ്ദുല്‍ ബാസിത് (യുഎഇ), ബിശാറ (കുവൈറ്റ്),മുഹമ്മദ് ത്വയ്യിബ് ,അഫി രിഫാദ് (ഖത്തര്‍) എന്നിവരും കുട്ടികളുടെ വിഭാഗത്തില്‍ ഫാദിയ നൌഷാദ് , സല്‍മാന്‍ ഫാരിസി,ഐഷ സനം എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി .സീനിയര്‍ വിഭാഗത്തില്‍ നജീബ വാളപ്ര (സൌദി അറേബ്യ) ,കിഫ ഫാത്തിമ (കുവൈറ്റ്) ,നജില മുഹമ്മദ് (യുഎഇയും) വിജയം പങ്കിട്ടു.വിജയികള്‍ക്കുള്ള സമ്മാന വിതരണം കേരളത്തില്‍ വെച്ച് നടക്കും.

കെ.ഐ.സി.ആര്‍ ചെയര്‍മാന്‍ സയ്യിദ് സുല്ലമി അധ്യക്ഷത വഹിച്ചു .സൌദി ഇന്ത്യന്‍ ഇസ്ളാഹി സെന്റര്‍ നാഷണല്‍ കമ്മറ്റി പ്രസിഡണ്ട് കുഞ്ഞഹമ്മദ് കോയ ഹായില്‍ , ഡോ.താഹിറ (അബൂദാബി) ,ജാഫര്‍ സാദിഖ് (യു .എ. ഇ.ഇസ്ളാഹി സെന്റര്‍ ദേശീയ ജനറല്‍ സെക്രട്ടറി ) പ്രമുഖ ഖുര്‍ആന്‍ പ്രാഭാഷകന്‍ നൌഷാദ് കാക്കവയല്‍,നജീബ ടീച്ചര്‍ (അബൂദാബി )തുടങ്ങിയവര്‍ വിജയികളെ അനുമോദിച്ചു പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം