വിശുദ്ധ ചാവറയച്ചന്റെ തിരുനാള്‍ ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ആചരിച്ചു
Saturday, January 10, 2015 5:03 AM IST
ഷിക്കാഗോ: സഭയ്ക്കൊപ്പം സമൂഹത്തെ നവീകരിച്ച മഹാത്മാവായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചതിനുശേഷമുള്ള പ്രഥമ തിരുനാള്‍ ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ജനുവരി നാലിന് ഞായറാഴ്ച 11 മണിയുടെ വിശുദ്ധ കുര്‍ബാന മധ്യേ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു.

കത്തീഡ്രല്‍ സഹവികാരി റവ.ഫാ. റോയി മൂലേച്ചിലില്‍ തിരുനാള്‍ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിച്ചു. തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി വചനസന്ദേശം, ലദീഞ്ഞ്, നേര്‍ച്ചകാഴ്ച വിതരണം, തിരുശേഷിപ്പ് വന്ദിക്കല്‍, വി. ചാവറയച്ചന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം എന്നീ ആത്മീയ ശുശ്രൂഷകള്‍ തിരുനാള്‍ ആഘോഷങ്ങളെ ഭക്തിനിര്‍ഭരമാക്കി. വി.ചാവറയച്ചന്റെ മധ്യസ്ഥതയാല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി തിരുനാള്‍ ആഘോഷങ്ങളില്‍ അനേകം വിശ്വാസികള്‍ പ്രാര്‍ത്ഥനാ നിരതരായി പങ്കുകൊണ്ടു.

തിരുനാളിന്റെ എല്ലാ ആത്മീയശുശ്രൂഷകള്‍ക്കും വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പിലും, സഹ വികാരി റവ.ഫാ. റോയ് മൂലേച്ചാലിലും നേതൃത്വം നല്‍കി.

ബഹു. ഫാ. റോയ് മൂലേച്ചാലില്‍ തന്റെ വചനസന്ദേശത്തില്‍ സഭാപരമായും സാമൂഹികപരമായും വിയ ചാവറയച്ചന്‍ താന്‍ ജീവിച്ചിരുന്ന കാലയളവില്‍ നടത്തിയിട്ടുള്ള ഇടപെടലുകളും മഹത്തായ സേവനങ്ങളും സംഭാവനകളും സവിസ്തരം അനുസ്മരിച്ച് സംസാരിച്ചു. ജീവിച്ചിരിക്കെ വിശുദ്ധ നേടി പൂര്‍ണ്ണതയില്‍ പൂര്‍ണ്ണത കൈവരിച്ച വി.ചാവറയച്ചന്റെ ജീവിതവിശുദ്ധി ഏവര്‍ക്കും വലിയ പ്രചോദനമാണെന്ന് പറയുകയുണ്ടായി.

ശ്രുതിമധുരമായ ആത്മീയഗാന ശുശ്രൂഷകള്‍ തിരുനാളിനെ ഭക്തിസാന്ദ്രമാക്കിയ കത്തീഡ്രല്‍ ഗായകസംഘത്തിന് നേതൃത്വം നല്‍കിയത് കുഞ്ഞുമോന്‍ ഇല്ലിക്കല്‍ ആണ്. ജോസ് കടവില്‍, ജോണ്‍ തയ്യില്‍പീഡിക, ചെറിയാച്ചന്‍ കിഴക്കേഭാഗം, ബേബി മലമുണ്ടയ്ക്കല്‍, ലാലിച്ചന്‍ ആലുംപറമ്പില്‍, സാന്റി തോമസ്, ജോമി ജേക്കബ് എന്നിവര്‍ ലിറ്റര്‍ജിക്ക് നേതൃത്വം നല്‍കി. തിരുനാളിനെ മൊത്തത്തില്‍ മോടിപിടിപ്പിക്കുന്നതിന് കൈക്കാരന്മാരായ മണിച്ചന്‍, ജോണ്‍ കൂള, സിറിയക് തട്ടാരേട്ട്, മനീഷ് എന്നിവര്‍ സ്തുത്യര്‍ഹമായ നേതൃത്വം വഹിച്ചു. ഇടവകയിലെ ഏതാനും കുടുംബങ്ങള്‍ ഏറ്റെടുത്താണ് തിരുനാള്‍ നടത്തിയത്. സ്നേഹവിരുന്നോടുകൂടി തിരുനാള്‍ആഘോഷങ്ങള്‍ സമാപിച്ചു. ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം