ബുഷ് നാലാമനും പൊതു ജീവിതത്തിലെ ഔദ്യോഗിക പദവിയിലെത്തി
Thursday, January 8, 2015 7:58 AM IST
ഓസ്റിന്‍: ടെക്സസ് സ്റേറ്റ് ലാന്‍ഡ് കമ്മീഷണറായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് പി. ബുഷ് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പിതാവ് മുന്‍ ഫ്ളോറിഡ ഗവര്‍ണറും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ സാധ്യതയുളള റിപ്പബ്ളിക്കന്‍ നേതാവുമായ ജെബ് ബുഷ് മുഖ്യാതിഥിയായിരുന്നു. ചടങ്ങുകള്‍ നിയന്ത്രിച്ച സ്റേറ്റ് സുപ്രീം കോടതി ജസ്റീസ് ഡോണ്‍ വില്ലറ്റ് ജോര്‍ജിനെ വിശേഷിപ്പിച്ചത് ആദ്യ തെരഞ്ഞെടുപ്പില്‍ തോല്‍ക്കാത്ത ഒരേ ഒരു ബുഷ് എന്നായിരുന്നു.

ജോര്‍ജിന്റെ മുതുമുത്തച്ഛന്‍ കണക്ടിക്കട്ട് ബാങ്കറും മുന്‍ യുഎസ് സെനറ്ററുമായ പ്രസ് കോട്ട് ബുഷ് 1950 ല്‍ തന്റെ ആദ്യ സെനറ്റ് മത്സരത്തില്‍ പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ മകന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ള്യു ബുഷ് ആദ്യം സെനറ്റിലേക്ക് മത്സരിച്ചപ്പോഴും വിജയിച്ചില്ല. എച്ച്.ഡബ്ളിയുവിന്റെ മകന്‍ ജോര്‍ജ് ഡബ്ള്യു ബുഷ് (മുന്‍ പ്രസിഡന്റ്) 1978 ല്‍ കോണ്‍ഗ്രസില്‍ സീറ്റു നേടാന്‍ നടത്തിയ ശ്രമവും വിജയിച്ചില്ല. 1994 ല്‍ ജോര്‍ജ് പിയുടെ പിതാവ് ജെബ് ബുഷ് ഫ്ളോറിഡ ഗവര്‍ണറാകാന്‍ ആദ്യം ശ്രമിച്ചപ്പോഴും പരാജയപ്പെട്ടിരുന്നു.

ലാന്‍ഡ് കമ്മീഷണര്‍ എന്ന നിലയില്‍ ടെക്സസിന്റെ അനന്ത വിസ്തൃതമായ ഭൂപ്രദേശവും തീരദേശ സംരക്ഷണവും വിമുക്ത ഭടന്മാരുടെ പദ്ധതികളും ജോര്‍ജിന്റെ മേല്‍നോട്ടത്തില്‍ വരും. സംസ്ഥാനത്തിന്റെ അധികാര സ്ഥാനങ്ങള്‍ ഗവര്‍ണര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍, റെയില്‍ റോഡ് കമ്മീഷണര്‍, ലാന്‍ഡ് കമ്മീഷണര്‍ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: ഏബ്രഹാം തോമസ്