എംബസി ഔട്ട്സോഴ്സ് സെന്റര്‍ പ്രവര്‍ത്തി സമയം പുനക്രമീകരിച്ചു
Wednesday, January 7, 2015 10:12 AM IST
കുവൈറ്റ്: ഇന്ത്യന്‍ പാസ്പോര്‍ട്ട്, വീസാ സേവനങ്ങള്‍ നടത്തുന്ന സ്വകാര്യ സ്ഥാപനമായ സികെഎസ്ജിയുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചതായി എംബസി വാര്‍ത്താകുറുപ്പില്‍ അറിയിച്ചു.

കൈകൊണ്ട് എഴുതിയ പാസ്പോര്‍ട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തെരക്കിനെ തുടര്‍ന്നാണ് പുതിയ തീരുമാനം . 2015 നവംബര്‍ 15 ഓടെ ഇത്തരം പാസ്പോര്‍ട്ടുകളുടെ കാലാവധി അവസാനിക്കുന്നതിനാല്‍ എത്രയും പെട്ടെന്ന് മെഷിന്‍ റീഡബള്‍ പാസ്പോര്‍ട്ടിലേക്ക് മാറണമെന്ന് എംബസി കഴിഞ്ഞദിവസം നിര്‍ദ്ദേശിച്ചിരുന്നു. ഇന്റര്‍നാഷണല്‍ സിവില്‍ എവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐസിഎഒ) യുടെ തീരുമാന പ്രകാരം നവംബര്‍ 25 മുതല്‍ മെഷിന്‍ റീഡബള്‍ പാസ്പോര്‍ട്ടുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂവെന്നതിനാല്‍ വീസകള്‍ പുതുക്കുന്നതിനും മറ്റും പ്രയാസങ്ങള്‍ നേരിടുവാന്‍ സാധ്യതയുള്ളതിനാലാണ് എല്ലാ ഇന്ത്യക്കാരും എത്രയുംവേഗം മെഷിന്‍ റീഡബള്‍ പാസ്പോര്‍ട്ടിലേക്ക് മാറുവാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുവാന്‍ എംബസി അഭ്യര്‍ഥിച്ചത്.

പുതുക്കിയ സമയപ്രകാരം ഞായര്‍ മുതല്‍ വ്യാഴം വരെ കുവൈറ്റ് സിറ്റിയിലും അബാസിയയിലും ഫഹാഹീലുമുള്ള സേവന കേന്ദ്രങ്ങള്‍ രാവിലെ എട്ടിന് ആരംഭിച്ച് വൈകുന്നേരം അഞ്ചു വരെ പ്രവര്‍ത്തിക്കും. വാരാന്ത്യ ഒഴിവുദിനങ്ങളായ വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം നാലു മുതല്‍ രാത്രി എട്ടു വരെയും സികെഎസ്ജി സേവന കേന്ദ്രങ്ങള്‍ ഉണ്ടായിക്കുന്നതാണെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍