ഡാളസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ക്രിസ്മസ്, പുതുവത്സരം ആഘോഷിച്ചു
Wednesday, January 7, 2015 7:34 AM IST
ഡാളസ്: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ഡാളസ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ നടത്തി.

ഡിസംബര്‍ 27ന് വൈകുന്നേരം ആറു മുതല്‍ ദേവാലയത്തില്‍ നടന്ന ആഘോഷത്തില്‍ ഇടവക വികാരി റവ. കെ.ബി കുരുവിള അധ്യക്ഷത വഹിച്ചു. റവ. പി.എം ഏബ്രഹാം പ്രാരംഭ പ്രാര്‍ഥന നടത്തി. തുടര്‍ന്ന് റവ. കെ.ബി കുരുവിള ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.

സണ്‍ഡേസ്കൂള്‍ കുട്ടികളുടെയും യുവജനങ്ങളുടെയും നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ ആഘോഷത്തിന് മാറ്റുകൂട്ടി. സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച അര്‍ഥവത്തായ ക്രിസ്മസ് എന്ന വിഷയത്തെ ആസ്പദമാക്കി അവതരിപ്പിച്ച സ്കിറ്റ് ശ്രദ്ധേയമായി. ഡാളസ് തിയോളജിക്കല്‍ സെമിനാരിയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായ ഫിന്നി വര്‍ഗീസ് ക്രിസ്മസ് സന്ദേശം നല്‍കി. തുടര്‍ന്ന് കേക്ക് മുറിച്ച് ക്രിസ്മസ് ഡിന്നറിന് തുടക്കമിട്ടു. സെക്രട്ടറി അലക്സ് ചാക്കോ നന്ദി പറഞ്ഞു. ക്രിസ്റീന പരിപാടികളുടെ എംസിയായിരുന്നു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി