ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് സ്വീകരണം നല്‍കി
Wednesday, January 7, 2015 7:33 AM IST
കുവൈറ്റ് സിറ്റി: സമസ്ത കേരള ജംഇയത്തുല്‍ ഉലമാ വൈസ് പ്രസിഡന്റും കടമേരി റഹ്മാനിയ അറബിക് കോളജ് പ്രസിഡന്റുമായ പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് റഹ്മാനിയ അറബിക് കോളജ് കുവൈറ്റ് കമ്മിറ്റി സ്വീകരണം നല്‍കി.

മത ഭൌതിക വിദ്യാഭ്യാസം സമന്വയിപ്പിച്ചുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച തെന്നിന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമായ റഹ്മാനിയയുടെ വളര്‍ച്ചയ്ക്ക് നിസ്തുലവും ശ്രദ്ധേയവുമായ പങ്കാണ് സ്ഥാപനത്തിന്റെ പ്രവാസി ഘടകങ്ങള്‍ വഹിച്ചതെന്ന് തങ്ങള്‍ പറഞ്ഞു.

നാല് പതിറ്റാണ്ടിലധികം നീണ്ട പ്രവര്‍ത്തന പാരമ്പര്യമുള്ള റഹ്മാനിയ വൈജ്ഞാനിക രംഗത്ത് വിലയേറിയ സംഭാവനയാണ് നല്‍കിയിട്ടുള്ളത്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വനിതാ കോളജ്, പബ്ളിക് സ്കൂള്‍, അഗതി മന്ദിരം, ബോര്‍ഡിംഗ് മദ്രസ തുടങ്ങിയ ഒട്ടനവധി അനുബന്ധ സ്ഥാപനങ്ങളുമായി ജ്വലിച്ചു നില്‍ക്കുന്ന റഹ്മാനിയുടെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് സജീവ സാന്നിധ്യം അറിയിക്കണമെന്ന് സദസിനെ തങ്ങള്‍ ഉദ്ബോധിപ്പിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറിയും പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് പ്രിന്‍സിപ്പലുമായ പ്രഫ. ആലിക്കുട്ടി മുസ്ലിയാര്‍, എസ്വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍, നാസര്‍ അല്‍ മഷ്ഹൂര്‍ തങ്ങള്‍, കുവൈറ്റ് ഇസ്ലാമിക് കൌണ്‍സില്‍ പ്രസിഡന്റ് ഷംസുദ്ദീന്‍ ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു. റഹ്മാനിയ കുവൈറ്റ് കമ്മിറ്റി പ്രസിഡന്റ് ഫൈസല്‍ ഹാജി എടപ്പള്ളി അധ്യക്ഷത വഹിച്ചു. മുഹമ്മദ് മാസ്റര്‍, കുഞ്ഞബ്ദുള്ള ഹാജി എടപ്പള്ളി, റഫീഖ് ശബാബ്, മുഹമ്മദ് ഹാജി എടപ്പള്ളി, നൌഷാദ് കളത്തില്‍, ഹക്കീം എടപ്പള്ളി, മജീദ് ഏറാഞ്ചേരി, ഉബൈദുള്ള എടപ്പള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി റഷീദ് പയന്തോങ്ങ് സ്വാഗതവും ട്രഷറര്‍ ഫൈസല്‍ കടമേരി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍