എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ പള്ളി ക്രിസ്മസ് - പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി
Wednesday, January 7, 2015 3:26 AM IST
എഡ്മണ്ടന്‍ (കാനഡ): എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയിലെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ 2014 ഡിസംബര്‍ 24-ന് രാത്രി 11 മണിക്കുള്ള പാതിരാ കുര്‍ബാനയോടെ ആരംഭിച്ചു. ഇടവക വികാരി റവ.ഫാ. ഡോ. ജോണ്‍ കുടിയിരുപ്പില്‍ നേതൃത്വം നല്‍കിയ വിശുദ്ധ കുര്‍ബാനയില്‍ ഇടവക ജനം ഒന്നടങ്കം പങ്കുകൊണ്ടു. തുടര്‍ന്ന് ഇടവകാംഗങ്ങള്‍ ഭവനങ്ങളില്‍ നിന്ന് തയാറാക്കി കൊണ്ടുവന്ന കേക്ക് വികാരിയച്ചന്‍ മുറിച്ച് എല്ലാവരും പങ്കുവെച്ചു.

ഡിസംബര്‍ ഇരുപത്തിയെട്ടാം തീയതിയിലെ വി. കുര്‍ബാനയ്ക്കുശേഷം കൂട്ടായ്മ അടിസ്ഥാനത്തില്‍ കരോള്‍ ഗാന മത്സരം ആരംഭിച്ചു. 2012-ല്‍ രൂപംകൊണ്ട ഇടവകയുടെ ചരിത്രത്തിലെ മറ്റൊരു നാഴികകല്ലായിരുന്നു ക്രിസ്മസ് കരോള്‍ ഗാന മത്സരവും, ന്യൂഇയര്‍ ആഘോഷങ്ങളും. ഇടവകയിലെ എട്ട് കൂട്ടായ്മകളില്‍ നിന്ന് കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് നടത്തിയ കരോള്‍ ഗാനം ഗൃഹാതുരത്വമുണര്‍ത്തുന്നതായിരുന്നു. കുട്ടികളും യുവാക്കളും, കുടുംബാംഗങ്ങളും വാശിയോടെ നടത്തിയ കരോള്‍ ഗാനത്തില്‍ പരമ്പരാഗത കരോള്‍ ഗാനങ്ങളോടൊപ്പം പുതു തലമറുയുടെ ഗാനങ്ങളും കേഴ്വിക്കാര്‍ക്ക് ഇമ്പമേകി. എഡ്മണ്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് പുതിയ അനുഭവമായിരുന്നു കരോള്‍ ഗാന മത്സരം. പുറത്തുനിന്നും പ്രത്യേകം ക്ഷണിച്ച മൂന്ന് വിധികര്‍ത്താക്കളായിരുന്നു മത്സരത്തിന്റെ വിധി പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനം സെന്റ് ജോര്‍ജ് കൂട്ടായ്മയ്ക്കും, രണ്ടാം സമ്മാനം സെന്റ് തോമസ് കൂട്ടായ്മയ്ക്കും, മൂന്നാം സമ്മാനം സെന്റ് മേരീസ് കൂട്ടായ്മയ്ക്കും ലഭിച്ചു.

തുടര്‍ന്ന് രംഗപൂജയോടെ കള്‍ച്ചറല്‍ പ്രോഗ്രാം ആരംഭിച്ചു. ആദ്യമായി എഡ്മണ്ടനില്‍ അവതരിപ്പിക്കപ്പെട്ട കോല്‍കളിയും, മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ തനതു പാരമ്പര്യ കലയായ മാര്‍ക്ഷംകളിയും കാണികള്‍ക്ക് ഇമ്പമുള്ള കലാവിരുന്നായിരുന്നു. ഗ്രേഡ് ഏഴിലെ കുട്ടികള്‍ അവതരിപ്പിച്ച സ്കിറ്റില്‍ മംഗളവാര്‍ത്ത മുതല്‍ തിരുപ്പിറവി വരെ പുനരാവിഷ്കരിക്കപ്പെട്ടു. ഏയ്ഞ്ചല്‍ ഡാന്‍സ്, ഫ്യൂഷന്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ് എന്നിവ കേരളത്തനിമ ഉണര്‍ത്തുന്നവയായിരുന്നു.

പിന്നീട് കൂട്ടായ്മാ അടിസ്ഥാനത്തില്‍ നടത്തിയ പുല്‍ക്കൂട് മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. മത്സരവിജയികള്‍ക്ക് ഫാ. വര്‍ഗീസ് മുണ്ടുവേലില്‍, ഫാ. സില്‍വിച്ചന്‍ എന്നിവകര്‍ സമ്മാനദാനം നടത്തി. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജിജി പടമാടന്‍, പ്രോഗ്രാം കോമ്പയര്‍ ഷൈജു തോമസ്, അഖില്‍ സെബി ഉതുപ്പ് എന്നിവര്‍ വ്യത്യസ്തത പുലര്‍ത്തി.

2014 എഡ്മണ്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് വളര്‍ച്ചയുടേയും നേട്ടങ്ങളുടേയും കാലഘട്ടമായിരുന്നു. ഈ വളര്‍ച്ചയുടെ കാരണം ഇടവക വികാരിയായ റവ.ഫാ.ഡോ. ജോണ്‍ കുടിയിരുപ്പിലിന്റെ നേതൃത്വമാണ്. 2014 ജനുവരി ഒന്നാം തീയതി സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ എത്തിയ ജോണ്‍ അച്ചന്‍ ഒരുവര്‍ഷംകൊണ്ട് ഇടവകയ്ക്ക് സി.ആര്‍.എ രജിസ്ട്രേഷനും, വ്യക്തമായ സാമ്പത്തിക അടിത്തറയും ലഭ്യമാക്കാന്‍ ഇടവക കമ്മിറ്റിയോടും, ജനത്തോടുമൊപ്പം പ്രവര്‍ത്തിച്ചു. സ്വന്തമായ ഒരു ദേവാലയം വേണമെന്ന ആവശ്യത്തിലേക്ക് ജനങ്ങളുടെ ബോധ്യത്തെ ഉണര്‍ത്താനും അച്ചന് സാധിച്ചു. 2104-ല്‍ ജനിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും, ദാനങ്ങള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ഡിസംബര്‍ 31-ന് ഇടവക ജനം ആരാധനയ്ക്കും വി. കുര്‍ബാനയ്ക്കുമായി ഒത്തുചേര്‍ന്നിരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം