ഹൂസ്റണ്‍ എക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ വര്‍ണാഭമായി
Tuesday, January 6, 2015 9:57 AM IST
ഹൂസ്റണ്‍: ഇന്ത്യാ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റണിന്റെ ആഭിമുഖ്യത്തില്‍ 33-ാമത് എക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

സ്റാഫോര്‍ഡിലെ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 25ന് (വ്യാഴം) വൈകുന്നേരം അഞ്ചിന് ആഘോഷങ്ങള്‍ ആരംഭിച്ചു.

റവ. ആല്‍ഫ വര്‍ഗീസ് ജോസഫ് പ്രാരംഭ പ്രാര്‍ഥന നടത്തി. തുടര്‍ന്ന് എക്യുമെനിക്കല്‍ കമ്യൂണിറ്റി സെക്രട്ടറി ഡോ. അന്ന കെ. ഫിലിപ്പ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് റവ. ഫാ. എം.ടി ഫിലിപ്പ് അധ്യക്ഷ പ്രസംഗം നടത്തി. റവ. ഫാ. മാമ്മന്‍ മാത്യു മുഖ്യാതിഥിയായി പങ്കെടുത്ത മാര്‍ യൌസേബിയോസിനെ സദസിന് പരിചയപ്പെടുത്തി. തുടര്‍ന്ന് തിരുമേനി ക്രിസ്മസ് സന്ദേശം നല്‍കി.

ഹൂസ്റണിലെ 17 എപ്പിസ്കോപ്പല്‍ ഇടവകകളെയും പങ്കെടുപ്പിച്ച് നടത്തിയ ആഘോഷ പരിപാടികള്‍ ശൈലിയിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തി. നിരവധി ഗായക സംഘങ്ങളുടെ കരോള്‍ ഗാനങ്ങളോടൊപ്പം മറ്റു വൈവിധ്യമാര്‍ന്ന പരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി.

സഭ ഈ വര്‍ഷം നടത്തുന്ന ജീവകാരുണ്യ പദ്ധതികളെപ്പറ്റിയും സ്തോത്രകാഴ്ചയില്‍ നിന്നും ലഭിക്കുന്ന പണം ഇത്തരം പദ്ധതികള്‍ക്കായി ഉപയോഗിക്കുന്നതാണെന്നും റവ. സഖറിയ പുന്നൂസ് കോര്‍ എപ്പിസ്കോപ്പ പറഞ്ഞു.

പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ റവ. കെ.ബി കുരുവിള, ഹൂസ്റണ്‍ എക്യുമെനിക്കല്‍ കമ്യൂണിറ്റിയുടെ ഭാവി പരിപാടികളെയും കള്‍ച്ചറല്‍ പ്രോഗ്രാം, ക്രിക്കറ്റ്, സ്പോര്‍ട്സ് ടൂര്‍ണമെന്റ്, ഗോസ്പല്‍ കണ്‍വന്‍ഷന്‍ എന്നിവയെപറ്റി പ്രസ്താവനകള്‍ നടത്തി. യുവജനങ്ങള്‍ക്കുള്ള ക്രിസ്മസ് സന്ദേശം രേഖ വര്‍ഗീസ് നല്‍കി. റവ. ഫാ. വില്‍സണ്‍ ആന്റണി സ്തോത്രകാഴ്ചക്കുശേഷമുള്ള പ്രാര്‍ഥന നടത്തി. ഇന്ദിര ജെയിംസ്, ജോര്‍ജി ദാനിയേല്‍ എന്നിവര്‍പരിപാടിയുടെ എംസിമാരായിരുന്നു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി