പ്രവാചകചര്യ ജീവിതത്തില്‍ പകര്‍ത്തുക: ശിഹാബ് തങ്ങള്‍
Tuesday, January 6, 2015 7:42 AM IST
കുവൈറ്റ് സിറ്റി: മനുഷ്യത്തപരമായി, നന്മ ചെയ്തു സഹകരിച്ചുകൊണ്ട് സ്നേഹത്തോടെ ജീവിക്കാന്‍ സയിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. കുവൈറ്റ് കേരള ഇസ്ലാമിക് കൌണ്‍സില്‍ സംഘടിപ്പിച്ച മുഹബത്തെ റസൂല്‍ നബിദിന മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍.

മാനവരാശിയുടെ ഐക്യവും സ്നേഹവും സൌഹൃദവും കാത്തുസൂക്ഷിക്കാന്‍ എല്ലാവരും കടപ്പെട്ടവരാണെന്നും അതിനു സമൂഹം തയാറാവണമെന്നും, ഇതാണ് പ്രവാചകചര്യ നമ്മെ പഠിപ്പിക്കുന്നത് എന്നും തങ്ങള്‍ ഓര്‍മപ്പെടുത്തി. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും കുവൈറ്റിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുവേണ്ടി രൂപീകൃതമായ കുവൈറ്റ് കേരള ഇസ്ലാമിക് കൌണ്‍സിലിന്റെ പ്രഖ്യാപനവും ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.

പ്രസിഡന്റ് ഷംസുദ്ദീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജം ഇയത്തുല്‍ ഉലമ സെക്രട്ടറിയും പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളജ് പ്രിന്‍സിപ്പലുമായ പ്രഫ. ആലിക്കുട്ടി മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സമ്മേളനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ സുവനീര്‍ അഡ്വ. ജാബിര്‍ അല്‍ അനസി, ഡോ. സിറാജിനു നല്‍കി പ്രകാശനം ചെയ്തു. ഡോ. ബഹാവുധീന്‍ മുഹമ്മദ് നദവി തയാറാക്കിയ വിശുദ്ധ ഖുര്‍ ആന്‍ വിവര്‍ത്തനത്തിന്റെ കുവൈറ്റ് തല പ്രകാശനവും ഖുര്‍ആന്‍ ഓണ്‍ വെബിന്റെ ക്ളിക്ക് ഓണ്‍ ചടങ്ങും ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സയിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ക്ക്, സംഘടനയുടെ ഉപഹാരം ചെയര്‍മാന്‍ സയിദ് നാസര്‍ അല്‍ മഷ്ഹൂര്‍ തങ്ങള്‍ നല്‍കി. അഡ്വ. ജാബിര്‍ അല്‍ അനസി, പ്രഫ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ക്കുള്ള, ഉപഹാരങ്ങള്‍ ഹൈദര്‍ അലി ശിഹാബ് തങ്ങളും അബ്ദുസമദ് പൂക്കോട്ടൂര്‍ സാഹിബിനുള്ള ഉപഹാരം പ്രഫ. ആലിക്കുട്ടി മുസ്ലിയാരും നല്‍കി.

സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂകോട്ടുര്‍ മുഖ്യ പ്രഭാഷണം നടത്തി. സയിദ് നാസര്‍ മഷഹൂര്‍ തങ്ങള്‍, ഷറഫുദ്ദീന്‍ കണ്ണെത്, അബ്ദുള്‍ ഫത്താഹു തൈയില്‍, മലബാര്‍ അഫ്സല്‍ എന്നിവര്‍ പ്രസംഗിച്ചു.

ജനറല്‍ സെക്രട്ടറി ഹംസ ബാഖവി സ്വാഗതവും ട്രഷറര്‍ മുഹമ്മദ് അലി പുതുപറമ്പ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ ദഫ് പ്രദര്‍ശനവും നടന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍