'പ്രവാചകനെ സ്നേഹിക്കേണ്ടത് പ്രവാചക അധ്യാപനങ്ങള്‍ നിത്യ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാവണം'
Monday, January 5, 2015 10:13 AM IST
മസ്കറ്റ് : നബിയുടെ അധ്യാപനങ്ങള്‍ നിത്യജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാണ് പ്രവാചക സ്നേഹം പ്രകടിപ്പിക്കേണ്ടതെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് പ്രഫ. എ. അബ്ദുള്‍ ഹമീദ് മദീനി പ്രസ്താവിച്ചു. മറ്റാരെക്കാളും എന്നേ സ്നേഹിക്കണമെന്ന് പഠിപ്പിച്ച പ്രവാചകന്‍ തന്നേ ആ സ്നേഹം എന്റെ ചര്യ പിന്തുടര്‍ന്ന് കൊണ്ടാവണമെന്നും വ്യക്തമായി വിശ്വാസികളെ ഉണര്‍ത്തിയിട്ടുണ്ട്.

ഇന്ന് ചിലയിടങ്ങളില്‍ പ്രവാചക സ്നേഹത്തിന്റെ പേരില്‍ കാണുന്ന നബിദിനാഘോഷ പരിപാടികള്‍ ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധവും ബിദ്അത്തുമാണ്. ഇത് ഇസ്ലാമിക വിരുദ്ധ ശക്തികളുടെ സൃഷ്ടിയാണ്.

'പ്രവാചക സ്നേഹം;എന്ത് എങ്ങനെ' എന്ന വിഷയത്തില്‍ കെഐസിആര്‍ സംഘടിപ്പിച്ച ഡിബേറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മദീനി. നബിദിനാഘോഷം നടത്തുന്നവര്‍ വിശുദ്ധ ഖുര്‍ ആനിന്റെയും നബി ചര്യയുടെയും പവിത്രതയെയാണ് ചോദ്യം ചെയ്യുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നബിയോ, നബിയുടെ ശിഷ്യരോ, നബിയുടെ പത്നിമാരോ, ഖലീഫമാരോ എന്നിങ്ങനെ ഉത്തമ നൂറ്റാണ്ടില്‍ ജീവിച്ച ആരും തന്നെ ഇത്തരം ആഘോഷം സംഘടിപ്പിച്ചിട്ടില്ല എന്ന് വിഷയം അവതരിപ്പിച്ച അബ്ദുള്‍ അസീസ് മുസ്ലിയാര്‍ വയനാട് അഭിപ്രായപ്പെട്ടു. വഴിയില്‍ നിന്നും തടസങ്ങളും ഉപദ്രവങ്ങളും നീക്കണമെന്ന് പഠിപ്പിച്ച പ്രവാചകന്റെ പേരില്‍ തന്നെ നമ്മുടെ നാടുകളില്‍ വഴിമുടക്കിയുള്ള ഘോഷയാത്രകള്‍ വര്‍ധിച്ചു വരുന്നത് സമുദായത്തിനു അപമാനമാണെന്നും എന്നും അദ്ദേഹം ഉണര്‍ത്തി. സദസ്യരുടെ ചോദ്യങ്ങള്‍ക്ക് അബ്ദുള്‍ അസീസ് മുസ്ലിയാര്‍ മറുപടി നല്‍കി.

അബ്ദുള്‍ കലാം ഒട്ടത്താനി (ഖത്തര്‍) സമാപന പ്രഭാഷണം നടത്തി. കേരള ഇസ്ലാഹി ക്ളാസ് റൂം ചെയര്‍മാന്‍ സയിദ് സുല്ലമി അധ്യക്ഷത വഹിച്ചു. മുസ്തഫ സലഫി സ്വാഗതവും ജൌഹര്‍ ഫാറൂഖി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം