കൈപ്പട്ടൂര്‍ തങ്കച്ചനു ജനകീയ യാത്രയയപ്പ് നല്‍കി
Monday, January 5, 2015 10:13 AM IST
കുവൈറ്റ്: മുപ്പത്തഞ്ചു വര്‍ഷക്കാലം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ എഴുത്തുകാരന്‍ കൈപ്പട്ടൂര്‍ തങ്കച്ചന് കുവൈറ്റ് മലയാളി സമൂഹം ഉചിതമായ യാത്രയയപ്പ് നല്കി.

അയനം ഓപ്പണ്‍ ഫോറം മുന്‍കൈ എടുത്ത് ഇരുപത്തിയാറിലധികം സാമൂഹിക സാംസ്കാരിക സംഘടനകളെ ഏകോപിപ്പിച്ച് രൂപീകരിച്ച ജനകീയ സമിതി നടത്തിയ യാത്രയയപ്പ് ഒരു പതിറ്റാണ്ടിലേറെയായി വിവിധ കാരണങ്ങള്‍ കൊണ്ട് യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വൈമുഖ്യം കാട്ടിയിരുന്ന മുഖ്യധാര സംഘങ്ങളെ ഒന്നിച്ചണിനിരത്തുന്നതില്‍ വിജയിച്ചു. യുദ്ധകാലത്ത് പോലും കുവൈറ്റില്‍ തുടര്‍ന്ന് നിരന്തരം തന്റെ കാലത്തോടും സമൂഹത്തോടും സംവദിച്ച കൈപ്പട്ടൂര്‍ കഥകളും എഴുത്തും പ്രവാസജീവിതത്തിന്റെ ആകുലതകളെയും ആകസ്മികതകളെയും ഹൃദ്യമായി വരച്ചുകാട്ടിയിട്ടുണ്ട്. തന്റെ അഭിപ്രായം വ്യക്തവും സുദൃഡവുമായി പ്രകടിപ്പിക്കാറുള്ള കൈപ്പട്ടൂര്‍ തങ്കച്ചന്റെ ഇടപെടലുകള്‍ പതിറ്റാണ്ടുകളായി കുവൈറ്റ് മലയാളിയുടെ സാമൂഹിക, സാംസ്കാരിക മേഖലകളില്‍ സുപരിചിതമാണ്.

അബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ അയനം ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് റിയാസ് സ്വാഗതം ആശംസിച്ചു. ജനകീയ സമിതിയുടെ ജനറല്‍ കണ്‍വീനര്‍ സത്താര്‍ കുന്നില്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ കൈപ്പട്ടൂര്‍ തങ്കച്ചന്റെ സാമൂഹിക,സാംസ്കാരിക,സാഹിത്യ പ്രവര്‍ത്തനങ്ങളെ അധികരിച്ച് സഗീര്‍ തൃക്കരിപ്പൂര്‍, സാം പൈനുമൂട്, ബര്‍ഗ് മാന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഫൈസല്‍ മഞ്ചേരി, രഘുനാഥന്‍ നായര്‍, എ.എം.ഹസന്‍ എന്നിവരും ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു. കൈപ്പട്ടൂര്‍ കഥകളെക്കുറിച്ച് ഷെരീഫ് താമരശേരിയും ജനകീയ സമിതിയില്‍ ഉള്‍പ്പെട്ട സംഘടനാ സാരഥികളുടെ സന്ദേശങ്ങള്‍ സംഗ്രഹിച്ച സപ്ളിമെന്റിനെക്കുറിച്ച് എഡിറ്റര്‍ അബ്ദുള്‍ ഫത്താഹ് തയ്യിലും വിശദീകരിച്ചു. മലബാര്‍ ഗോള്‍ഡ് കണ്‍ട്രി മാനേജര്‍ അഫ്സല്‍ ഖാന്‍ സപ്ളിമെന്റ് ജേക്കബ് ചണ്ണപ്പേട്ടക്ക് നല്‍കി പ്രകാശനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി റഫീക്ക് ഉദുമ സംവിധാനം ചെയ്ത് അയനം അവതരിപ്പിച്ച 'കൈപ്പട്ടൂര്‍ : പ്രവാസം, ജീവിതം, എഴുത്ത് .. ' എന്ന ഡോക്കുമെന്ററി ഏറെ ശ്രദ്ധേയമായി. കൂടുതല്‍ ജനകീയ മുഖം നല്‍കുക എന്ന ഉദ്ദേശത്തോടെ പങ്കെടുത്ത സംഘങ്ങളില്‍ നിന്നു നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കപ്പെട്ട സംഘടനയായ കോഴിക്കോട് ജില്ലാ എന്‍ആര്‍ഐ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സത്യന്‍ വരൂണ്ടയും മറ്റു എല്ലാ സാമൂഹിക സംഘടനകളുടേയും സാരഥികളും പരിപാടിയില്‍ പങ്കെടുത്തവരും ചേര്‍ന്ന് ജനകീയ സമിതിയുടെ ഉപഹാരം കൈപ്പട്ടൂര്‍ തങ്കച്ചനു നല്‍കി. ഗള്‍ഫ് മാധ്യമം ബ്യൂറോ ചീഫ് പി.പി ജൂനൂബ് നറുക്കെടുപ്പ് നടത്തി.

മറുപടി പ്രസംഗത്തില്‍ തന്റെ നീണ്ട കാലത്തെ എഴുത്തും ഇടപെടലുകളും ശ്രദ്ധിക്കുകയും നിരന്തരം സംവദിക്കുകയും ചെയ്ത പൊതു സമൂഹത്തോടുള്ള നന്ദി അറിയിച്ച കൈപ്പട്ടൂര്‍ തങ്കച്ചന്‍ തന്റെ എഴുത്തു ജീവിതത്തെയും കുടുംബ പശ്ചാത്തലത്തെയും ഓര്‍ത്തെടുത്തു. വളരെ നാളുകള്‍ക്കുശേഷം കുവൈറ്റിലെ സംഘടനകള്‍ ഒന്നിച്ച് ഇത്തരമൊരു ജനകീയ യാത്രയയപ്പ് നല്‍കിയത് സാക്ഷ്യപ്പെടുത്തുന്നതെന്നും കൈപ്പട്ടൂര്‍ തങ്കച്ചന്‍ പറയുകയുണ്ടായി. ഇക്ബാല്‍ കുട്ടമംഗലം പരിപാടികള്‍ നിയന്ത്രിച്ചു. ജോ. കണ്‍വീനര്‍ ഷാജി രഘുവരന്‍, ഹബീബ് മുറ്റിച്ചൂര്‍, ഷെരീഫ് താമരശേരി, റെജി ഭാസ്കര്‍, ശ്രീനി വാസന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ചെസില്‍ രാമപുരം ജനകീയ സമിതിക്കുവേണ്ടി നന്ദി അറിയിച്ചു. ബിജു തിക്കൊടി, റാഫി, സുമി എന്നിവര്‍ നേതൃത്വം നല്‍കിയ ഗാനവിരുന്നും മികച്ചതായി.

റിപ്പോര്‍ട്ട്; സലിം കോട്ടയില്‍