ഫോക്ക് കണ്ണൂര്‍ മഹോത്സവം ജനുവരി ഒമ്പതിന്
Monday, January 5, 2015 10:07 AM IST
കുവൈറ്റ്: കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രന്റ്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്സ്പാട്സ് അസോസിയേഷന്‍ (ഫോക്) ഒമ്പതാമത് വാര്‍ഷികാഘോഷം 'കണ്ണൂര്‍ മഹോത്സവം' ജനുവരി ഒമ്പതിന് (വെള്ളി) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ രാത്രി എട്ടുവരെ അബാസിയ ഇന്റര്‍ ഗ്രേറ്റട്ട് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുഭാഷിസ് ഗോള്‍ഡര്‍ കണ്ണൂര്‍ മഹോത്സവം ഉദ്ഘാടനം ചെയ്യും. 10, 12 ക്ളാസുകളില്‍ ഉന്നത വിജയം നേടിയ ഫോക്ക് കുട്ടികളെ ചടങ്ങില്‍ ആദരിക്കും. കുവൈറ്റിലെ വിവിധ നൃത്ത വിദ്യാലയങ്ങളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ക്ക് പുറമേ പ്രശസ്ത ഗായകരായ പ്രദീപ് ബാബു, സുമി അരവിന്ദ്, കണ്ണൂര്‍ സീനത്ത്, പ്രീതി വാര്യര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഗാന സന്ധ്യയും കലാഭവന്‍ സുധിയുടെ ഹാസ്യ വിരുന്നും കണ്ണൂര്‍ മഹോത്സവത്തിന് മാറ്റു കൂട്ടും. ഫോക്ക് വാര്‍ഷികത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും കലാ, കായിക സാംസ്കാരിക രംഗങ്ങളില്‍ കഴിവ് തെളിയിച്ച കണ്ണൂര്‍ നിവാസികള്‍ക്ക് നല്‍കിവരാറുള്ള ഗോള്‍ഡന്‍ ഫോക്ക് അവാര്‍ഡിനു ഈ വര്‍ഷം, കായിക രംഗത്തെ സമഗ്ര സംഭാവനക്ക് മുന്‍ ഓള്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി പി.പി ലക്ഷ്മണന്‍ അര്‍ഹനായി. ആരോഗ്യപരമായ കാരണങ്ങളാല്‍ കുവൈറ്റില്‍ എത്തിച്ചേരാന്‍ പി.പി ലക്ഷ്മണന് സാധിക്കാത്തതിനാല്‍ ജനുവരി ഏഴിന് കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഹാളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.പി വീരേന്ദ്ര കുമാര്‍ ഗോള്‍ഡന്‍ ഫോക്ക് അവാര്‍ഡ് പി.പി. ലഷ്മണന് സമര്‍പ്പിക്കുമെന്ന് ഫോക്ക് ഭാരവാഹികള്‍ പത്ര കുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍