'ബിസിനസിലേര്‍പ്പെടുന്ന ഇന്ത്യന്‍ വംശജര്‍ ജാഗ്രത പുലര്‍ത്തണം'
Monday, January 5, 2015 10:06 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ബിസിനസ് നടത്തുന്ന ഇന്ത്യന്‍ വംശജര്‍ ഉപഭോക്താക്കളെ കൈകാര്യം ചെയ്യുന്നതുള്‍പ്പെടെ അതീവശ്രദ്ധയോടെ വേണം

ഫൊക്കാന മുന്‍ പ്രസിഡന്റും എന്‍എസ്എസ് നോര്‍ത്തമേരിക്കയുടെ പ്രസിഡന്റുമായ ജി.കെ പിള്ളക്ക് വെടിയേറ്റ സംഭവം തികച്ചും അപലപനീയവും ദുഃഖകരവുമാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണോ, അതോ കരുതിക്കൂട്ടി ചെയ്ത ആക്രമമാണോ എന്ന് ഇനിയും വിശദമായി അറിയേണ്ടതുണ്ട്. എങ്കിലും പ്രാഥമിക നിഗമനം ഇത് ഒരു കവര്‍ച്ചാ ശ്രമമാണെന്നാണ് വിരല്‍ ചൂണ്ടുന്നത്.

അപ്പാര്‍ട്ടുമെന്റുകള്‍ വാടകക്ക് കൊടുക്കുക, റീ മോഡലിംഗ് കണ്‍സ്ട്രക്ഷന്‍, ചെറുകിട ഗ്യാസ് സ്റേഷന്‍ - ഗ്രോസറി വ്യാപാരികള്‍ എന്നിവര്‍ക്കൊക്കെ എന്നും പേടിസ്വപ്നമാണ് ഇത്തരം അക്രമങ്ങള്‍.

തൊഴിലില്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടും പുറമെ മയക്കുമരുന്നുകളുടെ സ്വാധീനവും ഇത്തരം അക്രമങ്ങള്‍ക്ക് പ്രേരക ഘടകങ്ങളാണ്. കഠിനപ്രയത്നത്തിലൂടെയും വളരെ കഷ്ടപ്പെട്ടും കുറഞ്ഞ സമയംകൊണ്ട് സാമ്പത്തിക വിജയം നേടുന്ന കുടിയേറ്റക്കാരായ ഇന്ത്യക്കാരോട് സാമ്പത്തിക അസഹിഷ്ണുതയാണ് ഇക്കൂട്ടര്‍ കാണിക്കുന്നത്.

ഇത്തരം അക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കുമ്പോള്‍ പലപ്പോഴും നിയമപാലകരില്‍നിന്നും ഫലപ്രാപ്തി ഉണ്ടാകാറില്ല. അതിന് ഒരുകാരണം പല നഗരങ്ങളിലും വേണ്ടത്ര പോലിസുകാരെ നിയോഗിക്കുവാനുള്ള സാമ്പത്തിക പരാധീനതകളാണ്. മറ്റൊരു കാരണം ഓരോ നഗരത്തിലും വിവിധ ചേരികളില്‍ പത്തിലേറെ മയക്കുമരുന്നു വില്പനക്കാരും അവരുടെ കീഴിലുള്ള അക്രമി സംഘങ്ങളുമാണ്.

ഇതിനു പരിഹാരമായി പലരും നിര്‍ദേശിക്കുന്നത് ഒരു ബുദ്ധപരമായ സമീപനമാണ്. അവയില്‍ ചിലത് താഴെ നിര്‍ദേശിക്കുന്നു.

1. ബിസിനസില്‍ ഏര്‍പ്പെടുന്നവര്‍ എന്നും പരിസരത്തു നടക്കുന്ന കാര്യങ്ങളില്‍ സൂക്ഷ്മദൃക്കുകളായിരിക്കണം. ഇവരറിയാതെതന്നെ ഇവരെ നിരീക്ഷിക്കാനുള്ള കാമറ പോലുള്ള സാങ്കേതിക ഉപകരണങ്ങള്‍ സ്ഥാപനങ്ങളില്‍ ഘടിപ്പിച്ചിരിക്കണം.

2. പരിസരത്തുള്ള ചേംബര്‍ ഓഫ് കൊമേഴ്സിലും ബിസിനസ് അസോസിയേഷനുകളില്‍ അംഗത്വമെടുക്കുകയും അത്തരം നെറ്റ് വര്‍ക്കുകളില്‍ സജീവമായി പങ്കെടുക്കുകയും വേണം.

3. കെട്ടിടങ്ങള്‍ വാടകക്കെടുക്കുന്നവര്‍, വാടകക്ക് കൊടുക്കുന്നതിനുമുമ്പ് അവരുടെ പൂര്‍വകാല പ്രവര്‍ത്തനങ്ങളും ക്രെഡിറ്റ് ഹിസ്ററിയും അറിയേണ്ടതുണ്ട്. അല്‍പ്പം കാലതാമസമെടുത്താലും നല്ല വാടകക്കാര്‍ സമയത്തു വാടക തരികയും കെട്ടിടം നന്നായി സൂക്ഷിക്കുകയും ചെയ്യും.

4. അതാതു പ്രദേശങ്ങളില്‍ പോലീസ് ഉപദേശക സമിതികളുണ്ട്. അവ കൂടുന്ന സമയത്ത് സന്നിഹിതരാകുവാനും ആ നെറ്റ് വര്‍ക്കില്‍ ഭാഗഭാക്കാകുവാനും ശ്രമിക്കണം.

5. മോശപ്പെട്ട ഉപഭോക്താക്കളുമായോ വാടകക്കാരുമായൊക്കെ ഉരസുന്നതൊഴിവാക്കാന്‍, ഇവരോട് ഇടപഴകുവാന്‍ കഴിവുള്ള ജോലിക്കാരെ മധ്യവര്‍ത്തികളായി ഉപയോഗിക്കുന്നത് സഹായകരമാകും.

6. സാമ്പത്തിക കരാറുകള്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍, ഡ്രൈവേള്‍ഡ് റസിഡന്‍സ് ഇന്‍ഷ്വറന്‍സ്, സോഷ്യല്‍ സെക്യൂരിറ്റി കാര്‍ഡ് തുടങ്ങിയവയുടെ ഫോട്ടോ കോപ്പികള്‍ സൂക്ഷിക്കുന്നതും ആവശ്യമാണ്. ഒരു തര്‍ക്കമുണ്ടായാല്‍ ഇവ എത്രമാത്രം ഉപകരിക്കുമെന്ന് സംശയമില്ല.

7. മുഖ്യധാരയിലുള്ള നെറ്റ് വര്‍ക്കുകളില്‍ ഭാഗമാവുകയും അവരുടെ അറിവും പ്രവര്‍ത്തനരീതികളും മനസിലാക്കുന്നത് അനിവാര്യമാണ്. ഇത്തരം കാര്യങ്ങളുടെ ഒരു നീണ്ട പട്ടികതന്നെയുണ്ട്. ഓരോരുത്തരുടെയും സാഹചര്യമനുസരിച്ച് ഉതകുന്ന ശക്തമായ പ്രതിരോധ ശൈലികള്‍ വാര്‍ത്തെടുക്കണം.

അടുത്ത കാലത്ത് ഇന്ത്യക്കാര്‍ക്കെതിരെ പ്രത്യേകിച്ച് മലയാളികള്‍ക്കെതിരെ നിരവധി അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവയെ ചെറുക്കാന്‍ നിയമപാലകര്‍ക്ക് ഒരു പരിധിവരെ സാധിച്ചേക്കാം. എങ്കില്‍ ഓരോരുത്തരും എടുക്കുന്ന മുന്‍കൂട്ടിയുള്ള കരുതലുകള്‍ പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

റിപ്പോര്‍ട്ട്: സുധാ കര്‍ത്താ