ഹൂസ്റന്‍ വെടിവെയ്പ്പ്: ഫോമ അപലപിച്ചു
Monday, January 5, 2015 4:27 AM IST
ഹൂസ്റന്‍: ഫൊക്കാന മുന്‍ പ്രസിഡന്റ് ജി കെ പിള്ളയ്ക്ക് വെടിയേറ്റ സംഭവത്തെ ഫോമ അപലപിച്ചു. അടുത്തിടയായി അമേരിക്കയില്‍ ഗണ്‍ വയലന്‍സ് കൂടി വരുന്നതിന്റെ ഉത്കണ്ഠയിലാണ് സാധാരണ ജനങ്ങള്‍. പുതുതായി ഗണ്‍ ലൈസന്‍സ് നല്‍കുമ്പോള്‍ കൂടുതല്‍ ബാക്ക് ഗ്രൌണ്ട് ചെക്ക് നടത്തേണ്ടുന്ന ആവശ്യകത ഉയര്‍ന്നു വരുകയാണ്. പക്ഷെ കൂടുതലായും സാമൂഹ്യവിരുദ്ധര്‍ ഉപയോഗിക്കുന്ന തോക്കുകള്‍ ലൈസെന്‍സില്ലാത്തതാണെന്നുള്ളത് നിരാശാജനകമാണ്. ഈ അടുത്തകാലത്താണ് ഷിക്കാഗോയില്‍ സാമൂഹ്യ വിരുദ്ധരാല്‍ ഒരു മലയാളി, ഗ്യാസ് സ്റ്റേഷനില്‍ വെച്ച് കൊലചെയ്യപ്പെട്ടത്.

ഫെഡറല്‍ ഏജന്റുകള്‍ ഇന്‍ഡോ അമേരിക്കന്‍ വംശജരെ മാത്രം ലക്ഷ്യം വച്ചു പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കൊള്ളസംഘത്തെ വളരെ പാടുപെട്ടു ഒരു മാസം കൊണ്ട് പിടികൂടിയത്, ഈ അടുത്തിടെയാണ്. ന്യൂയോര്‍ക്ക്,ന്യൂജേഴ്സി, മിഷിഗണ്‍, ടെക്സാസ് എന്നിവിടങ്ങളിലെ, ഇന്‍ഡോഅമേരിക്കന്‍ വീടുകള്‍ മാത്രമാണു കൊള്ളയടിക്കപ്പെട്ടത്. ഫേസ്ബുക്കിലും മറ്റും ഇടുന്ന ചിത്രങ്ങളും വിവരങ്ങളും ഉപയോഗിച്ചായിരുന്നു ഇവര്‍ ഇരകളെ തിരഞ്ഞെടുത്തിരുന്നത് എന്നത് ഭീതിജനകമാണ്, കാരണം മലയാളികള്‍ ഇന്ന് എത്രമാത്രം സാമൂഹ്യ മാധ്യമങ്ങളില്‍ അടിമപ്പെട്ടിരിക്കുന്നു എന്നത് തന്നെ. അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കാസ്) ഹൂസ്റണ്‍ വെടി വയ്പ്പിനെ ശക്തമായി അപലപിച്ചു.

ഫോമയ്ക്ക് വേണ്ടി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. അതെ പോലെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്ന് മലയാളി കുട്ടികളെ കാണാതാവുകയും, രണ്ടു പേരുടെ മൃതദേഹം ലഭിക്കുകയും, മൂന്നാമത്തെയാളെ ഇതുവരെ കണ്െടത്തായില്ല എന്നുള്ളതും അടുത്ത കാലത്ത് വന്‍ ചര്‍ച്ചാവിഷയമാണ്. ഇത്തരം സംഭവങ്ങള്‍ ഇനിയും നടക്കാതിരിക്കാന്‍ മലയാളികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും, മുതിര്‍ന്നവരും കുട്ടികളും ഒരു പോലെ ഈ വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും, ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേലും, സെക്രട്ടറി ഷാജി എഡ്വേര്‍ഡും, ട്രഷറര്‍ ജോയി ആന്തണിയും അഭ്യര്‍ത്ഥിച്ചു. ജി കെ പിള്ള എത്രയും വേഗം സുഖം പ്രാപിക്കുന്നതിനായി പ്രാര്‍ത്ഥിക്കുന്നു എന്നും അവര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്