പ്രവാസികള്‍ അയയ്ക്കുന്ന പണത്തിനു നികുതി നിര്‍ദേശം സ്റേറ്റ് കൌണ്‍സില്‍ തള്ളി
Saturday, January 3, 2015 10:58 AM IST
മസ്കറ്റ്: ഒമാനില്‍ നിന്നും വിദേശികള്‍ അയയ്ക്കുന്ന പണത്തിനു നികുതി ഏര്‍പ്പെടുത്താനുള്ള മജ്ലിസ് അല്‍ ശൂറാ (പാര്‍ലമെന്റ്) നിര്‍ദേശം സ്റേറ്റ് കൌണ്‍സിലിന്റെ ഇക്കണോമിക് കമ്മിറ്റി തള്ളിക്കളഞ്ഞു. ഇതോടെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ ആശങ്കകള്‍ക്ക് താത്കാലിക വിരാമമായി.

എണ്ണ വില കൂപ്പു കുത്തിയതും തുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യവുമാണ് ഇത്തരത്തില്‍ ഒരു പുനര്‍വിചിന്തനം മജിലിസിനെ പ്രേരിപ്പിച്ചതെങ്കിലും മറ്റു രാജ്യങ്ങളുമായി ഒമാന്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇതു സംബന്ധമായ കരാറുകള്‍ക്ക് വിരുദ്ധമാകുന്നതുകൊണ്ടാണ് നിര്‍ദേശം തള്ളിയത്.

കൂടാതെ വിദേശങ്ങളില്‍ നിന്നും വന്നു കൊണ്ടിരിക്കുന്ന നിക്ഷേപങ്ങള്‍ക്കും തിച്ചടിയാകുമെന്നു സ്റേറ്റ് കൌണ്‍സില്‍ കണ്െടത്തി.

ഇത്തരമൊരു നിര്‍ദേശം നടപ്പാക്കുന്ന പക്ഷം വിദേശികള്‍ ജോലിക്കായി മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുമെന്ന് കമ്മിറ്റിക്കു ബോധ്യപ്പെട്ടു. ഇതും ധൃതി പിടിച്ച് ഇത്തരമൊരു നികുതി നിര്‍ദേശം തള്ളാന്‍ സ്റേറ്റ് കൌണ്‍സിലിനെ പ്രേരിപ്പിച്ചു. നവംബര്‍ ആദ്യം മുതലുള്ള ഒമാനിലെ വിദേശികളുടെ ആശങ്കകള്‍ക്കാണ് ഇതോടെ വിരാമമായിരിക്കുന്നത്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം