ഡാളസ് സെന്റ് പോള്‍സില്‍ ഹരിതവത്കരണ പ്രോജക്ട് ഉദ്ഘാടനം ചെയ്തു
Saturday, January 3, 2015 8:35 AM IST
മസ്കറ്റ്: മര്‍ത്തോമ സഭയിലെ മൂന്ന് എപ്പിസ്കോപ്പമാരുടെ സ്ഥാനാരോഹണ രജത ജൂബിലിയാഘോഷങ്ങളോടനുബന്ധിച്ച് പ്രഖ്യാപിച്ച ഗ്രീന്‍ ബെല്‍റ്റ് പ്രോജക്ടിന്റെ ഡാളസ് സെന്റ് പോള്‍സ് ഇടവകയിലെ ഉദ്ഘാടനം ഡിസംബര്‍ 21 ന് (ഞായര്‍) നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് എപ്പിസ്കോപ്പാ നിര്‍വഹിച്ചു. ദേവാലയ പരിസരത്ത് ഓക്ക് മരം നട്ടുകൊണ്ടായിരുന്നു ഉദ്ഘാടനം.

പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിന് ഭദ്രാസനത്തിലെ ഓരോ ഇടവകയും നേതൃത്വം നല്‍കണമെന്നും എപ്പിസ്കോപ്പല്‍ രജത ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ച ഗ്രീന്‍ ബെല്‍റ്റ് പ്രോജക്ട് വിജയിപ്പിക്കുന്നതിന് എല്ലാ ഇടവകാംഗങ്ങളും പ്രത്യേക താത്പര്യമെടുക്കണമെന്നും എപ്പിസ്കോപ്പാ ഉദ്ബോധിപ്പിച്ചു.

ചടങ്ങില്‍ ഭദ്രാസന ട്രഷറര്‍ ഫിലിപ്പ് തോമസ്, റവ. ഒ.സി. കുര്യനച്ചന്‍, വൈസ് പ്രസിഡന്റ് രാജു വര്‍ഗീസ്, ഉമ്മന്‍ കോശി, എബി തോമസ്, സെക്രട്ടറി സജി ജോര്‍ജ്, യുവജന സഖ്യം സെക്രട്ടറി വിനോദ് ചെറിയാന്‍, സണ്‍ഡേസ്കൂള്‍ സൂപ്രണ്ട് തോമസ് ഈശോ എന്നിവര്‍ പങ്കെടുത്തു.

ഭദ്രാസന ജൂബിലി, എപ്പിസ്കോപ്പല്‍ ജൂബിലി തുടങ്ങിയവയോടനുബന്ധിച്ചു നിരവധി പുതിയ പദ്ധതികളാണ് ഭദ്രാസനം ഏറ്റെടുത്തിരിക്കുന്നത്. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കിടെ അപകടത്തില്‍ മരിച്ച ഡാളസ് സെന്റ് പോള്‍സ് അംഗം പാട്രിക്ക് മരുതുംമൂട്ടിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമായി പ്രഖ്യാപിച്ച പ്രോജക്ടും അതില്‍ ഉള്‍പ്പെടുന്നു. യുവജനങ്ങളെ സഭയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ഇത്തരം പദ്ധതികള്‍ അനിവാര്യമാണ്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍