കൈരളി ഫുജൈറ കേരളോത്സവം സംഘടിപ്പിച്ചു
Saturday, January 3, 2015 8:33 AM IST
ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളും നാടന്‍ വിഭവങ്ങളുമായി ഫുജൈറ കോര്‍ണീഷില്‍ വിപുലമായി കേരളോത്സവം സംഘടിപ്പിച്ചു.

ജനുവരി രണ്ടിന് (വെള്ളി) വൈകുന്നേരം ആറു മുതല്‍ രാത്രി 12 വരെ നീണ്ടുനിന്ന കേരളോത്സവത്തില്‍ അയ്യായിരത്തില്‍പരം ആളുകള്‍ പങ്കെടുത്തു.

രാത്രി എട്ടിന് നടന്ന പൊതുസമ്മേളനത്തില്‍ കൈരളി യൂണിറ്റ് പ്രസിഡന്റ് വി. സുഭാഷ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സി.കെ ലാല്‍ സ്വാഗതവും കൈരളി കോഓര്‍ഡിനേറ്റര്‍ സൈമണ്‍ സാമുവല്‍ അനുമോദന പ്രമേയവും അവതരിപ്പിച്ചു. പൊതുസമ്മേളനം ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. മറ്റു സംഘടനകളില്‍നിന്നും വിഭിന്നമായി സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്ന സംഘടനയാണ് കൈരളിയെന്നും ജനപങ്കാളിത്തം അതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യാതിഥിയായിരുന്ന ഡോ. കെ.ടി ജലീല്‍ എംഎല്‍എ കൂട്ട മതപരിവര്‍ത്തനങ്ങളല്ല, കൂട്ട സംസ്കരണമാണ് ഇന്ത്യയിലും ലോകത്തും നടക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടു.

കൈരളി ടിവി യുഎഇ കോഓര്‍ഡിനേറ്റര്‍ കൊച്ചുകൃഷ്ണന്‍, കൈരളി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് പി.എം അഷ്റഫ്, സെക്രട്ടറി സന്തോഷ് കുമാര്‍, സിറ്റി ഓട്ടോ ലൈന്‍ എംഡി നിസാര്‍, കേരളോത്സവം സ്വാഗത സംഘം ചെയര്‍മാന്‍ പി.വി രാജേഷ്, കണ്‍വീനര്‍ സേതുമാധവന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ചെണ്ടയുടെ അകമ്പടിയോടുകൂടി തെയ്യം, കാവടി, മുത്തുക്കുടകള്‍, ആനയുമടങ്ങുന്ന ഘോഷയാത്ര, കാവ്യാവിഷ്കാരങ്ങള്‍, തിരുവാതിര, ഒപ്പന, നാടന്‍ നൃത്തങ്ങള്‍, സെമി ക്ളാസിക്കല്‍ നൃത്തങ്ങള്‍, ശിങ്കാരിമേളം, നാദബ്രഹ്മ ഗ്രൂപ്പിന്റെ ഗാനങ്ങള്‍ എന്നിവ ആഘോഷ പരിപാടികള്‍ക്ക് ദൃശ്യ-ശ്രാവ്യ ചാരുത പകര്‍ന്നു. കൂടാതെ ചായക്കടകള്‍, തട്ടുകടകള്‍, കുടുംബശ്രീ ഹോട്ടല്‍, ഹല്‍വപൊരി, പുസ്തകശാല തുടങ്ങിയ കേരളോത്സവത്തെ ഒരു ജനകീയ ഉത്സവമാക്കി മാറ്റി.