സിയന്ന മലയാളി അസോസിയേഷന്റെ ക്രിസ്മസ് ആഘോഷം അവിസ്മരണീയമായി
Saturday, January 3, 2015 8:32 AM IST
ഹൂസ്റണ്‍: ഹൂസ്റണിലെ പ്രമുഖ മലയാളി കൂട്ടായ്മയായ സിയന്ന മലയാളി അസോസിയേഷന്റെ (സിമാ) ഈ വര്‍ഷത്തെ ക്രിസ്മസ്, പുതുവത്സരാഘോഷ പരിപാടികള്‍ വ്യത്യസ്തവും വേറിട്ടതുമായ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി.

2014 ഡിസംബര്‍ 27 ന് (ശനി) വൈകുന്നേരം സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷത്തിന് പ്രസിഡന്റ് ജോണ്‍ കെ. ഫിലിപ്പ് (പ്രകാശ്) അധ്യക്ഷത വഹിച്ച് പ്രസംഗിച്ചു. അജിനി ജോണ്‍ കോറിയോഗ്രാഫി നിര്‍വഹിച്ച് അവതരിപ്പിച്ച സ്വാഗത നൃത്തം പുതുമ നിറഞ്ഞതായിരുന്നു. തുടര്‍ന്ന് ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവക വികാരി റവ. സജു മാത്യു ക്രിസ്മസ്, പുതുവത്സര സന്ദേശം നല്‍കി. മാജിക് അച്ചന്‍ എന്ന പേരില്‍ ഹൂസ്റണ്‍ നിവാസികള്‍ക്ക് സുപരിചിതനായി മാറിയ സജു അച്ചന്‍ അവതരിപ്പിച്ച മാജിക്ഷോ നിറഞ്ഞ കൈയടി നേടി. ക്രിസ്മസിനെയും വേദ പുസ്തകത്തെയും ആസ്പദമാക്കിയായിരുന്നു മാജിക്ഷോ.

ആന്റു ചാക്കോയും രാജു കാക്കശേരിയും നേതൃത്വം നല്‍കിയ കരോള്‍ ഗാനങ്ങള്‍ ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ മഹത്വം വിളിച്ചറിയിക്കുന്നതായിരുന്നു.

തുടര്‍ന്ന് വര്‍ണവിസ്മയങ്ങള്‍ തീര്‍ത്ത് അരങ്ങേറിയ നൃത്തങ്ങള്‍ ആഘോഷത്തിന് മാറ്റുകൂട്ടി. എമില്‍ സൈമന്റെ കോറിയോ ഗ്രാഫിയില്‍ 'ഉമ്മച്ചി കൂട്ടം നൃത്തം അവതരിപ്പിച്ചപ്പോള്‍' ടൈനി ടോട്ട്സിന്റെ നൃത്തത്തിന് സൈമണ്‍ കോറിയോഗ്രാഫി ഒരുക്കി. ബോളിവുഡ് നൃത്തങ്ങളെ വെല്ലുന്ന വിധത്തില്‍ അലീനാ സല്‍ബി, അലീഷാ സല്‍ബി, സൂസന്‍ സെര്‍ബി എന്നിവര്‍ ഒരുക്കിയ ബോളിവുഡ് റീമിക്സ്, എലിസബത്ത് പോളിന്റെ നേതൃത്വത്തില്‍ നടന്ന നൃത്തം എന്നിവ ആഘോഷത്തെ വര്‍ണാഭമാക്കി. ക്രിസ്റീന സുനില്‍, മധു, ആന്റു ചാക്കോ, രാജു കാക്കശേരി, അബ്ദുള്‍ ഖാലിദ് എന്നിവര്‍ ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിച്ചു.

തുടര്‍ന്ന് സൈമണ്‍ ചിറ്റിലപ്പളളി സംവിധാനം ചെയ്ത സിനിമയുടെ സ്വന്തം ഏയ്ഞ്ചല്‍ വോയ്സ് തീയേറ്റേഴ്സ് അവതരിപ്പിച്ച 'ഹെവന്‍ ആന്‍ഡ് ഹെല്‍ എന്ന നാടകം കാണികളുടെ ചിന്തകളെ ഉദ്ദീപിപ്പിക്കുന്നതും പുത്തന്‍ ആശയങ്ങളുടെ ആവിഷ്കാരവുമായി മാറി.

തിരുപ്പിറവിയുടെ മനോഹരമായ ദൃശ്യാവിഷ്കരണമായിരുന്നു അനില്‍ കളത്തൂരിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ക്രിസ്മസ് നേറ്റിവിറ്റി ഷോയ്ക്ക് സൈമണ്‍ സംവിധാനം നിര്‍വഹിച്ചു. സാന്താക്ളോസ് ആയി വേഷമിട്ട അനില്‍ കളത്തൂര്‍ ക്രിസ്മസ് ആശംസകള്‍ പങ്കുവച്ചു.

വെറ്റിനാ ബാബു പരിപാടികളുടെ എംസിയായി പ്രവര്‍ത്തിച്ചു. സൈമണ്‍ ചിറ്റിലപ്പളളി, സല്‍ബി എന്നിവര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായി വിവിധ കമ്മിറ്റികള്‍ ആഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ജോണ്‍ വര്‍ഗീസ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി