ഫ്ളു വ്യാപകം: ഡാളസ് കൌണ്ടിയില്‍ നാലു മരണം
Saturday, January 3, 2015 8:30 AM IST
ഡാളസ്: ഡാളസ് ഫോര്‍ട്ട്വര്‍ത്തില്‍ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഫ്ളൂ വ്യാപകമാകുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍.

ജനുവരി രണ്ടിന് രണ്ടു പേര്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചതോടെ ഫ്ളു സീസണില്‍ ഡാളസ് കൌണ്ടിയില്‍ മാത്രം നാലു പേര്‍ മരിച്ചതായി ഡാളസ് കൌണ്ടി ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസ് പുറത്തുവിട്ട സ്റേറ്റ്മെന്റില്‍ പറയുന്നു.

2013- 2014 ഫ്ളു സീസണില്‍ 58 പേരാണ് ഡാളസ് കൌണ്ടിയില്‍ മാത്രം ഫ്ളു ബാധിച്ചു മരിച്ചത്. ഡാളസ് ആശുപത്രികളിലെ എമര്‍ജന്‍സി റൂമുകളില്‍ ചികിത്സക്കെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതായി ബെയ്ലര്‍ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ ഡോ. സെഡ്രിക്ക് സ്പാക്ക് പറഞ്ഞു.

വിറയലും പനിയും ശരീര വേദനയുമാണ് രോഗലക്ഷണങ്ങള്‍. 4000 പേരാണ് കഴിഞ്ഞ ആഴ്ചയില്‍ ഫ്ളു പരിശോധനയ്ക്കായി എത്തിയത്. ഇതില്‍ 28.6 ശതമാനത്തിനും പരിശോധനാഫലം പോസിറ്റീവായിരുന്നു. രോഗലക്ഷണമുളളവര്‍ ആശുപത്രിയില്‍ എത്തി പരിശോധനയ്ക്കു വിധേയരാക്കുകയും പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കുകയും ചെയ്യണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍