ഷിക്കാഗോ മാര്‍ത്തോമ ഇടവക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ക്രിസ്മസ് ആഘോഷിച്ചു
Friday, January 2, 2015 6:27 AM IST
ഷിക്കാഗോ: സുവിശേഷ പാതയിലൂടെ ശരിയായ മാര്‍ഗദര്‍ശനം സമൂഹത്തിനു നല്‍കി പ്രവര്‍ത്തനങ്ങളെ പടുത്തുയര്‍ത്തുന്ന ഷിക്കാഗോ മാര്‍ത്തോമ ഇടവക മിഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ വേറിട്ടതായി.

നെയിബര്‍ഹുഡ് മിനിസ്ട്രിയുടെ ഭാഗമായി തിരുപ്പിറവിയുടെ നാളുകളില്‍ ഷിക്കാഗോ ഡസ്പ്ളയിന്‍സ് കമ്യൂണിറ്റി ഫൌണ്േടഷന്റെ സഹകരണത്തോടെ ഫ്രണ്ട്ഷിപ്പ് പാര്‍ക്ക് കണ്‍സര്‍വേറ്ററിയില്‍ നിര്‍ധനരായവര്‍ക്ക് ക്രിസ്മസ് വിരുന്ന് നല്‍കി. കമ്യൂണിറ്റി ഫൌണ്േടഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റോസ് മേരി ആര്‍ഗസ് പങ്കെടുത്ത ആഘോഷ പരിപാടികളില്‍ ഇടവക മിഷന്‍ പങ്കെടുത്ത ഏവര്‍ക്കും തണുപ്പിനെ പ്രതിരോധിക്കാന്‍ ഉതകുന്ന വസ്ത്രങ്ങളടങ്ങിയ ക്രിസ്മസ് സമ്മാനങ്ങളും വിതരണം ചെയ്തു. ഡസ്പ്ളയിന്‍സ് കാത്തലിക് ചാരിറ്റി സെന്ററിലും സ്നേഹവിരുന്ന് നല്‍കി.

സമൂഹത്തില്‍ ആലംബഹീനര്‍ക്ക് അഭയം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്ന ഷിക്കാഗോ മാര്‍ത്തോമ ഇടവക മിഷന് പ്രസിഡന്റ് റവ. ഡാനിയേല്‍ തോമസ്, അസോ. വികാരി റവ. സോനു സ്കറിയ വര്‍ഗീസ്, വൈസ് പ്രസിഡന്റ് ഏബ്രഹാം ഫിലിപ്പ്, സെക്രട്ടറി ഏബ്രഹാം കെ. ഏബ്രഹാം, ട്രസ്റിമാരായ ജോര്‍ജ് എം. ജോസഫ്, മാത്യു വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം