ഫോമയുടെ പബ്ളിക് റിലേഷന്‍സ് കമ്മിറ്റി ചെയര്‍മാനായി ജോസ് ഏബ്രഹാമിനെ തിരഞ്ഞെടുത്തു
Friday, January 2, 2015 6:21 AM IST
മയാമി: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ പബ്ളിക് റിലേഷന്‍സ് കമ്മിറ്റി ചെയര്‍മാനായി മലയാളി അസോസിയേഷന്‍ ഓഫ് സ്റാറ്റന്‍ ഐലന്‍ഡിന്റെ സജീവാംഗമായ ജോസ് ഏബ്രഹാമിനെ തിരഞ്ഞെടുത്തു.

ഫോമയുടെ ബൈ ലോയില്‍ മാത്രം ഒതുങ്ങിയിരുന്ന ഈ സ്ഥാനം കൂടുതല്‍ ചെറുപ്പക്കാരെ സംഘടനയുടെ നേതൃത്വ സ്ഥാനങ്ങളിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് ഈ ഭരണസമിതി തിരഞ്ഞെടുത്തത്.

മലയാളി അസോസിയേഷന്‍ ഓഫ് സ്റാറ്റന്‍ഐലന്‍ഡ് എന്ന സംഘടനയിലൂടെ ആണ് അമേരിക്കയില്‍ അദ്ദേഹം സംഘടന പ്രവര്‍ത്തനത്തില്‍ സജീവമാകുന്നത്. പിന്നീട് 2011 ല്‍ സംഘടനയുടെ സെക്രട്ടറി, 2012ല്‍ പ്രസിഡന്റ് എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ദേശീയ സംഘടനാ പ്രവര്‍ത്തനത്തില്‍ 2010-12 കാലഘട്ടത്തില്‍ ഫോമയുടെ അഡ്വൈസറി ബോര്‍ഡ് ജോയിന്റ് സെക്രട്ടറിയായും 2012-14ല്‍ ഫോമയുടെ നാഷണല്‍ കമ്മിറ്റി മെംബറായും അദ്ദേഹം പ്രവര്‍ത്തിച്ചു.

പബ്ളിക് റിലേഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനമെടുത്ത അദ്ദേഹം ഇപ്പോള്‍ ഫോമയുടെ നാട്ടിലേയും അമേരിക്കയിലെയും ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നു. ഒഴിവ് സമയങ്ങളില്‍ തത്വശാസ്ത്ര സംബന്ധമായ പുസ്തക വായനയിലും നവമിത്ര നാടക സമിതിയില്‍ അഭിനയവും അതോടൊപ്പം ഏഷ്യനെറ്റിന്റെ അവതാരകനായും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. അദ്ദേഹം സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്ദര ബിരുദവും പബ്ളിക് അഡ്മിനിസ്ട്രേഷനില്‍ പിജി ഡിപ്ളോമ ബിരുദധാരിയുമാണ്.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍