ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ ക്രിസ്മസ് -നവവത്സരാഘോഷങ്ങള്‍ വര്‍ണാഭമായി
Friday, January 2, 2015 3:17 AM IST
ന്യൂയോര്‍ക്ക്: ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്‍ ക്രിസ്മസും നവവത്സരവും ഡിസംബര്‍ 27ന് റോക്ക് ലാന്‍ഡ് ക്നാനായാ സെന്ററില്‍ വച്ച്ു വളരെ വിപുലമായി ആഘോഷിക്കുകയുണ്ടായി.
സെക്രട്ടറി ജയപ്രകാശ് നായര്‍ ആമുഖമായി സംസാരിച്ചുകൊണ്ട് പരിപാടിയുടെ കോര്‍ഡിനേറ്ററും പ്രസിഡന്റ് ഇലക്ടുമായ ഷാജിമോന്‍ വെട്ടത്തിനെ സദസിനു പരിചയപ്പെടുത്തി.
ലിന്‍ഡ കോയിത്രയുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍ ട്രീസാ റോയി അമേരിക്കന്‍ ദേശീയ ഗാനം ആലപിച്ചപ്പോള്‍ സാബു ഇത്താക്കനും മീന തമ്പിയും ചേര്‍ന്ന് ഭാരതത്തിന്റെ ദേശീയഗാനം ആലപിച്ചു. ടിയാറാ റോയിയും കൂട്ടരും അവതരിപ്പിച്ച അവതരണ നൃത്തത്തിനു ശേഷം വിദ്യാ ജ്യാതി മലയാളം സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ സീനുവിന്റെയും മന്ജുവിന്റെയും നേതൃത്വത്തില്‍ അവതരിപ്പിച്ച നേറ്റീവ് ഷോ വളരെ ഹൃദ്യമായി.

തുടര്‍ന്ന് പ്രസിഡന്റ് ജെയിംസ് ഇളംപുരയിടത്തില്‍ ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും ക്രിസ്മസ്സിന്റെയും പുതു വര്‍ഷത്തിന്റെയും എല്ലാ ഭാവുകങ്ങളും ആശംസിക്കുകയും തന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ കൂടെ നിന്ന് സഹായിച്ചവരോട് താന്‍ എന്നും കടപ്പെട്ടിരിക്കുന്നുവെന്നും പറയുകയുണ്ടായി. ട്രസ്റീ ബോര്‍ഡ് ചെയര്‍മാന്‍ കുര്യാക്കോസ് തരിയന്‍, ഫണ്ട് റെയ്സിങ് ചെയര്‍മാന്‍ ഇന്നസന്റ് ഉലഹന്നാന്‍, ഫൊക്കാനയെ പ്രതിനിധീകരിച്ച് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ മത്തായി പി ദാസ്, മലയാളം സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോസഫ് മുണ്ടന്‍ചിറ, ടോം നൈനാന്‍, മലയാളം സ്കൂള്‍ കോര്‍ഡിനേറ്റര്‍ തോമസ് മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

മുഖ്യാതിഥിയായി വന്നെത്തിയ അഭിവന്ദ്യ തിരുമേനി അയൂബ് മോര്‍ സില്‍വാനോസിനെ പ്രസിഡന്റ് ജെയിംസ് ഇളംപുരയിടത്തില്‍ പരിചയപ്പെടുത്തുകയും ക്രിസ്മസ് പരിപാടിയിലേക്ക് സ്വാഗതം ക്രിസ്മസ് സന്ദേശം അറിയിക്കുന്നതിന് ക്ഷണിക്കുകയും ചെയ്തു. അഭിവന്ദ്യ തിരുമേനി അയൂബ് മോര്‍ സില്‍വാനോസ് ക്രിസ്മസ് മംഗളങ്ങളും പുതുവര്‍ഷാശംസകളും നേര്‍ന്നു കൊണ്ട് ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്ളാഘനീയമാണെന്ന് എടുത്തു പറയുകയുണ്ടായി.

അജിന്‍ ആന്റണിയുടെ നേതൃത്വത്തില്‍ ഹൈസ്കൂള്‍ സ്കോളര്‍ഷിപ്പ് വിതരണം നടക്കുകയുണ്ടായി. നമ്മളുടെ അസോസിയേഷന്‍ അംഗമായ മാത്യു പോളിന്റെയും ഓമന മാത്യുവിന്റെയും പുത്രിയായ ജിനി എം മാത്യുവിനാണ് സ്കോളര്‍ഷിപ്പ് ലഭിച്ചത്.

കഴിഞ്ഞ 34 വര്‍ഷക്കാലത്ത് അസോസിയേഷന്റെ പ്രസഡന്റുമാരായി സേവനം അനുഷ്ടിച്ചവരെ അനുമോദിക്കുന്ന ചടങ്ങായിരുന്നു അടുത്തത്. വന്നു ചേര്‍ന്ന എല്ലാ മുന്‍ പ്രസിഡന്റുമാരെയും ഇപ്പോഴത്തെ പ്രസിഡന്റ് ജെയിംസ് ഇളംപുരയിടത്തില്‍ പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി. ഫൊക്കാനയുടെ എക്സിക്യു ട്ടീവ് വൈസ് പ്രസിഡന്റായ ഫിലിപ്പോസ് ഫിലിപ്പ്, ജെയിംസ് ഇളംപുരയിടത്തിലിന്റെ പ്രവര്‍ത്തനങ്ങളെ അനുമോദിച്ചു കൊണ്ട് അദ്ദേഹത്തിനും പൊന്നാട അണിയിച്ചു. അസോസിയേഷന്‍ ഭാരവാഹികള്‍ ആലപിച്ച ക്രിസ്മസ് കരോള്‍ ഗാനത്തിനെ തുടര്‍ന്ന് സെക്രട്ടറി ജയപ്രകാശ് നായര്‍ കൃതജ്ഞത പ്രകാശിപ്പിച്ചുകൊണ്ട് സംസാരിച്ചു.

വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറിനു ശേഷം സുപ്രസിദ്ധ ഗായിക അനിത കൃഷ്ണനും സുപ്രസിദ്ധ ഗായകന്‍ തഹ്സീനും ചേര്‍ന്ന് പഴയതും പുതിയതുമായ ഗാനങ്ങള്‍ കോര്‍ത്തിണക്കി നടത്തിയ ഗാനമേളയും പ്രസിദ്ധ തെലുങ്ക് നര്‍ത്തകി കവി മോഹന്‍ അവതരിപ്പിച്ച മനോഹരമായ നൃത്ത നൃത്യങ്ങളും ഏവരെയും സന്തോഷിപ്പിച്ചു. എംസിമാരായി ഷാജിമോന്‍ വെട്ടവും അലക്സ് എബ്രഹാമും പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍