പനോരമ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു
Thursday, January 1, 2015 7:09 AM IST
ദമാം: പത്തനംതിട്ട ജില്ലാ പ്രവാസി കൂട്ടായ്മയായ പനോരമയുടെ കരിയര്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാര്‍ ശ്രദ്ധേയമായി. പ്രവാസി കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമായി നടത്തിയ പരിപാടിയില്‍ ജില്ലയ്ക്കു വെളിയില്‍ നിന്നും ആളുകള്‍ പങ്കെടുത്തു. പനോരമ കരിയര്‍ ഗൈഡന്‍സ് വിഭാഗം കണ്‍വീനറും മാനേജ്മെന്റ് വിദഗ്ധനുമായ ജോണ്‍സണ്‍ സാമുവല്‍ സെമിനാറിന് നേതൃത്വം നല്‍കി.

കുട്ടികളില്‍ വളര്‍ത്തേണ്ട നല്ല ശീലങ്ങള്‍, ചിട്ടയായ പഠന ക്രമം, മാതാപിതാക്കളും കുട്ടികളുമായുള്ള ബന്ധം, കൌമാര കാല വിഷയങ്ങള്‍ ഉപരി പഠനത്തിനുള്ള സാധ്യതകള്‍ തുടങ്ങി വിവിധങ്ങളായ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ചയായി. വിവിധ മത്സര പരീക്ഷകള്‍ക്കുള്ള തീയതികള്‍, അപേക്ഷാരീതികള്‍, ആവശ്യമായ തയാറെടുപ്പുകള്‍ എന്നിവയും സെമിനാറില്‍ വിശദീകരിച്ചു.

പനോരമ പ്രസിഡന്റ് സി.എം സുലൈമാന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഏതെങ്കിലും ഒരു പ്രവാസി സംഘടന ഇത്തരം ഒരു സ്ഥിരം വേദി സംഘടിപ്പിക്കുന്നത് ആദ്യമായിട്ടാണെന്ന് അദ്ദേഹം പറഞ്ഞു.

ഷാജഹാന്‍ വല്ലന, ജേക്കബ് മാരാമണ്‍, ജോസ് തോമസ്, മാത്യു ജോര്‍ജ്, അനില്‍ മാത്യൂസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

പ്രവാസികള്‍ക്കും അവരുടെ കുട്ടികള്‍ക്കും പനോരമയുടെ കരിയര്‍ ഗൈഡന്‍സ് വിഭാഗവുമായി ബന്ധപ്പെടുവാന്‍ ഇമൃലലൃഴൌശറമിരല@റശശൃെേശരുമിീൃമാമ.രീാ എന്ന ഇമെയില്‍ ഉപയോഗിക്കുക.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം