മഅ്ദനിയുടെ കേസ് എന്‍ഐഎ ഏറ്റെടുത്തതില്‍ ദുരൂഹത: സഹീര്‍ മൌലവി
Tuesday, December 30, 2014 8:02 AM IST
ജിദ്ദ: ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട് അബ്ദുനാസിര്‍ മഅ്ദനിയുടെ പേരിലുളള കേസിന്റെ വിചാരണ നാല് മാസത്തിനുളളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി ഉത്തരവ് പ്രഖ്യാപിച്ച ഉടനെ പ്രസ്തുത കേസ് എന്‍ഐഎ ഏറ്റെടുത്തതില്‍ ദുരൂഹതയും ഗൂഡാലോചനയുമുണ്െടന്ന് സംശയിക്കുന്നതായി ജസ്റിസ് ഫോര്‍ മഅ്ദനി ഫോറം കേരള ചാപ്റ്റര്‍ ജനറല്‍ കണ്‍വീനര്‍ സഹീര്‍ മൌലവി അഭിപ്രായപ്പെട്ടു.

മഅ്ദനിക്കെതിരെ ഒരു കുറ്റവും തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ ജീവിതകാലം മുഴുവന്‍ വിചാരണ തടവുകാരനായി ജയിലിലിട്ട് പീഡിപ്പിക്കാനുളള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജസ്റിസ് ഫോര്‍ മഅ്ദനി ഫോറം ജിദ്ദ ചാപ്റ്റര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലെ അതുല്യ പ്രതിഭയും ജീവിതത്തിലുടനീളം സാമൂഹിക നീതിക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടിയുയര്‍ന്ന മനുഷ്യാവകാശത്തിന്റെ ശബ്ദമായിരുന്ന ജസ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ നിര്യാണത്തില്‍ ഫോറം അനുശോചിച്ചു.

അബ്ദുനാസിര്‍ മഅ്ദനിക്ക് നിയമസഹായം ലഭ്യമാക്കുന്നതിന് കൃഷ്ണയ്യര്‍ നടത്തിയ ആത്മാര്‍ഥമായ ഇടപെടലും സഹായവും കാരണമാണ് പ്രമുഖ അഭിഭാഷകര്‍ കേസ് ഏറ്റെടുക്കാന്‍ തയാറായതെന്ന് അദ്ദേഹം അനുസ്മരിച്ചു.

ഫോറം ജിദ്ദ ചാപ്റ്റര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ അന്‍വര്‍ വടക്കാങ്ങര അധ്യക്ഷത വഹിച്ചു. നാസര്‍ ചിങ്ങോലി, തോമസ് വൈദ്യന്‍, സുലൈമാന്‍ തിരുവനന്തപുരം എന്നിവര്‍ പ്രസംഗിച്ചു. ഷാനവാസ് വണ്ടൂര്‍ ഖിറാഅത്ത് നടത്തി. ജനറല്‍ കണ്‍വീനര്‍ അഡ്വ. കെഎച്ച്എം. മുനീര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍