സീറോ മലബാര്‍ കത്തീഡ്രലില്‍ 'ഗ്രാന്റ് പേരന്റ്സ് ഡേ' ആഘോഷിച്ചു
Monday, December 29, 2014 4:54 AM IST
ഷിക്കാഗോ: സ്നേഹസന്ദേശവുമായി, പ്രതീക്ഷയുടെ പൂര്‍ത്തീകരണമായി ക്രിസ്മസ് എത്തുന്ന വേളയില്‍ പേരക്കുട്ടികള്‍ ഉള്ള എല്ലാവര്‍ക്കും ഇടവക സമൂഹം ഒന്നായി സ്നേഹാദരവുകള്‍ അര്‍പ്പിച്ചു. 21-ന് ഞായറാഴ്ച രാവിലെ പതിനൊന്നിന് ദിവ്യബലിയോടെ ആഘോഷങ്ങള്‍ ആരംഭിച്ചു. ദിവ്യബലിയര്‍പ്പിച്ച റവ.ഡോ. ടോം പന്നലക്കുന്നേല്‍ മുതിര്‍ന്ന തലമുറയെ ഏറെ സ്നേഹത്തോടെയും ആദരവോടെയും കാണുന്നുവെന്ന് പറയുകയും അവര്‍ക്കായി ആശംസകള്‍ നേരുകയും ചെയ്തു.

ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടത്. കുര്‍ബാനയ്ക്കുശേഷം പാരീഷ്ഹാളില്‍ നടന്ന ആശംസാ സമ്മേളനത്തില്‍ ഇത്തരമൊരു വേദി മുതിര്‍ന്നവര്‍ക്കായി ഒരുക്കുവാന്‍ സാധിച്ചതില്‍ അത്യധികമായ സന്തോഷമുണ്െടന്ന് സ്വാഗത പ്രസംഗ മധ്യേ വിമന്‍സ് ഫോറം പ്രസിഡന്റ് റാണി കാപ്പന്‍ പറഞ്ഞു. ആശംസകള്‍ നേര്‍ന്ന് സംസാരിച്ച ഇടവക വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ക്രിസ്തുമസിന്റെ മംഗളങ്ങള്‍ ഏവര്‍ക്കും നേരുകയും മുതിര്‍ന്ന തലമുറയോടുളള സ്നേഹം പ്രകടിപ്പിക്കുകയും അവരുടെ ആദ്ധ്യാത്മികമായ സഹായം ഇടവകയ്ക്കായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

അസിസ്റന്റ് വികാരി ഫാ. റോയ് മൂലേച്ചാലില്‍ ഏവരേയും ആശംസകള്‍ അറിയിച്ചു. മുതിര്‍ന്നവരുടെ പ്രതിനിധിയായി ജോര്‍ജ് തേവലക്കര സംഘാടകര്‍ക്ക് നന്ദി പ്രകാശിപ്പിച്ചു. ബീനാ വള്ളിക്കളം എം.സിയായിരുന്നു. നന്ദി പ്രകാശനം നടത്തിയ വിമന്‍സ് ഫോറം സെക്രട്ടറി ഷീബാ മാത്യു ഈ സംരംഭത്തില്‍ ആത്മാര്‍ത്ഥമായി സഹകരിച്ച ഏവരേയും പ്രത്യേകം സ്മരിച്ചു.

ലിന്‍സി വടക്കുംചേരിയുടെ നേതൃത്വത്തില്‍ വിമന്‍സ് ഫോറം അംഗങ്ങള്‍ അവതരിപ്പിച്ച നൃത്താവിഷ്കാരം ഏറെ മനോഹരമായി. മുതിര്‍ന്നവരുടെ കലാപരിപാടികള്‍ തുടര്‍ന്ന് അവതരിപ്പിക്കപ്പെട്ടു. റോസി മാളിയേക്കല്‍, ജോര്‍ജ് നടുത്തൊട്ടിയില്‍, ജോയിച്ചന്‍ പുതുക്കുളം, ത്രേസ്യാമ്മ മാരൂര്‍, സെലീനാമ്മ കാപ്പില്‍, അച്ചാമ്മ തേവലക്കര, ചാക്കോച്ചന്‍ & തങ്കമ്മ മൂലംകുന്നം എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. വിവിധ സമ്മാനങ്ങളും തദവസരത്തില്‍ നല്‍കപ്പെട്ടു. ഇത്തരമൊരു അവസരം തങ്ങള്‍ക്കായി ഒരുക്കിയതില്‍ മാതാപിതാക്കളേവരും ഏറെ സന്തോഷം പ്രകടിപ്പിച്ചു. ബീന വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം