മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന് പുതിയ സാരഥികള്‍
Friday, December 26, 2014 10:19 AM IST
ഡിട്രോയ്റ്റ്: മിഷിഗണിലെ മലയാള ഭാഷ സ്നേഹികളുടെ കൂട്ടായ്മയായ മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്റെ 2015-16 വര്‍ഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ജെയിംസ് കുരീക്കാട്ടില്‍ (പ്രസിഡന്റ്), സുരേന്ദ്രന്‍ നായര്‍ (വൈസ് പ്രസിഡന്റ്), വിനോദ് കൊണ്ടൂര്‍ ഡേവിഡ് (സെക്രട്ടറി), ഡോ. ശാലിനി പ്രശാന്ത് (ജോ. സെക്രട്ടറി), മനോജ് കൃഷ്ണന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

ഡിസംബര്‍ 14ന് (ഞായര്‍) നടന്ന വര്‍ഷാന്ത്യ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഈശ്വര പ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടിയില്‍ മിലന്‍ പ്രസിഡന്റ് തോമസ് കര്‍ത്തനാള്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ചു വിലയിരുത്തുകയും പുതിയതായി തിരഞ്ഞെടുക്കുവാന്‍ പോകുന്ന ഭാരവാഹികള്‍ സംഘടനയെ കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ട് പോകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

മിലന്‍ സെക്രട്ടറി ബിന്ദു പണിക്കര്‍ സദസിനെ അഭിസംബോധന ചെയ്തു. തുടര്‍ന്ന് ട്രഷററിനുവേണ്ടി സുരേന്ദ്രന്‍ നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ജെയിംസ് കുരീക്കാട്ടില്‍ ഡിട്രോയ്റ്റ് മലയാളി അസോസിയേഷന്റെ പ്രസദ്ധീകരണമായ ധ്വനിയുടെ എഡിറ്ററും സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ പബ്ളിക് റിലേഷന്‍സ് കമ്മിറ്റി ചെയര്‍മാനും ഇന്തോ അമേരിക്കന്‍ പ്രസ് ക്ളബിന്റെ നാഷണല്‍ കമ്മിറ്റി മെംബറും ലാനയുടെ മിഷിഗണ്‍ റീജിയണ്‍ കോ ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സുരേന്ദ്രന്‍ നായര്‍ കെഎച്ച്എന്‍എയുടെ നാഷണല്‍ വൈസ് പ്രസിഡന്റ്, ധ്വനി മുന്‍ എഡിറ്റര്‍, ഐറാണിമുട്ടം എഴുത്തച്ഛന്‍ അക്കാഡമി, തുഞ്ചന്‍ സ്മാരക സമിതി സ്ഥിരാംഗം മുന്‍ ലാന കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.

സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വിനോദ് കൊണ്ടൂര്‍ ഡേവിഡ് ഫോമയുടെ നാഷണല്‍ കമ്മിറ്റി മെംബറും ഫോമ ന്യൂസ് ടീം ചെയര്‍മാനുമാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

ട്രഷറായി തിരഞ്ഞെടുക്കപ്പെട്ട മനോജ് കൃഷ്ണന്‍ അദ്ദേഹം കെഎച്ച്എന്‍എ ലോക്കല്‍ കമ്മിറ്റി മെംബര്‍, ശ്രീ നാരായണ ധര്‍മ്മ പരിഷിത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ശാലിനി പ്രശാന്ത്, ഇംഗ്ളീഷില്‍ ഡോക്ടറേറ്റും ലാന കണ്‍വന്‍ഷനില്‍ ഇംഗ്ളീഷ് നോവല്‍ സാഹിത്യത്തെ കുറിച്ചു പ്രബന്ധം അവതരിപ്പിക്കുകയും ഡിഎംഎയുടെ ധ്വനിയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

വളരെ ശക്തമായ ഒരു കമ്മിറ്റിയെയും ഇവരോടൊപ്പം തിരഞ്ഞെടുത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരെ മുന്‍ ഭാരവാഹികള്‍ ആശംസകള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് കര്‍ത്തനാള്‍ 586 747 7801, ജെയിംസ് കുരീക്കാട്ടില്‍ 248 837 0402.