നിസഹായയായ വീട്ടമ്മയും മൂന്നു പിഞ്ചുകുഞ്ഞുങ്ങളും സഹായം തേടുന്നു
Friday, December 26, 2014 6:50 AM IST
കുവൈറ്റ് സിറ്റി: ടാക്സി ഡ്രൈവറായി ജോലി ചെയ്യവെ റെന്റ് കാറിനു വാടക കൊടുക്കുന്നതില്‍ വീഴ്ച വരുത്തിയതില്‍ ജയിലിലായ ആന്ധ്രാപ്രദേശിലെ ഈസ്റ് ഗോദാവരി സ്വദേശി ചന്ദ്രശേഖര്‍ നുന്നാബിനയുടെ മൂന്നു പിഞ്ചു കുഞ്ഞുങ്ങളും ഭാര്യ ഉമയും ഒരു മാസത്തോളമായി ഫര്‍വാനിയായില്‍ ഭക്ഷണവും റൂം വാടകയുമില്ലാതെ ദുരിതമനുഭവിക്കുന്നു. ഉമ ആന്ധ്രയിലെ വാറങ്കല്‍ സ്വദേശിയാണ്.

ഉമയുടെയും ഇളയ മകളുടെയും വീസ കാലാവധി തീരുകയും ഭര്‍ത്താവ് ജയിലിലായതിനാല്‍ വീസ പുതുക്കാന്‍ സാധിക്കാതെ നിയമകുരുക്കിലകപ്പെട്ടു കിടക്കുകയുമാണ്. ഫീസടക്കാന്‍ പറ്റാത്തതിനാല്‍ മൂത്ത മകനിപ്പോള്‍ സ്കൂളിലും പോകുന്നില്ല. ചന്ദ്രശേഖര്‍ ജയില്‍ ശിക്ഷ തീര്‍ന്നാല്‍ കോടതി വിധി പ്രകാരം നാട്ടിലേക്ക് കയറ്റി അയയ്ക്കപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

ഉമയ്ക്കും മൂന്നു കുഞ്ഞുങ്ങള്‍ക്കും സഹായ ഹസ്തവുമായി കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, (കല കുവൈറ്റിന്റെ) പ്രവര്‍ത്തകരെ സമീപിക്കുകയും തുടര്‍ന്ന് അവര്‍ക്കു വേണ്ടുന്ന സഹായങ്ങളും ഭക്ഷണ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുകയും ചെയ്തുവരുന്നു. ഇപ്പോള്‍ കല കുവൈറ്റ് പ്രവര്‍ത്തകരോടൊപ്പം തെലുങ്ക് കലാ സമിതി പ്രവര്‍ത്തകരും ഈ കുടുംബത്തെ സഹായിക്കാനാവശ്യമായ കാര്യങ്ങള്‍ നല്‍കി വരുന്നു.

ഉമയെയും കുട്ടികളെയും സുരക്ഷിതമായി നാട്ടിലയക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കലയുടെയും തെലുങ്ക് കലാ സമിതി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ എംബസിയുമായി ബന്ധപ്പെട്ടു നടത്തി വരികയാണ്. ഈ കുടുംബത്തെ സഹായിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ളവര്‍ 96652512 94041755 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് കല കുവൈറ്റ് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍