ഒക്ലഹോമയില്‍ സംയുക്ത ക്രിസ്മസ് ആഘോഷം നടത്തി
Wednesday, December 24, 2014 7:35 AM IST
ഒക്ലഹോമ: ഒക്ലഹോമയിലെ വിവിധ ക്രൈസ്തവ സഭകള്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബര്‍ 21ന് (ഞായര്‍) ആഘോഷിച്ചു.

ഹോളി ഫാമിലി സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്, ഒക്ലഹോമ മാര്‍ത്തോമാ ചര്‍ച്ച്, സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച്, സെന്റ് ജോര്‍ജ് സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ച് എന്നീ ദേവാലയങ്ങള്‍ പങ്കെടുക്കുന്ന സംയുക്ത കരോളിന് മാര്‍ത്തോമ ഇടവകയാണ് ഈ വര്‍ഷം ആഥിത്യം വഹിച്ചത്. ഹോളി ഫാമിലി ഇടവകയില്‍ തൊട്ടു തലേദിവസം മാത്രം ചുമതലയേറ്റ റവ.ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പിലിന്റെ അസദോ മാ സദ്ഗമയ എന്ന പ്രൌഢ ഗംഭീരമായ പ്രാര്‍ഥനയോടെ ആരംഭിച്ച കരോളില്‍ സെന്റ് ജോര്‍ജ് സിറിയക് ഓര്‍ത്തഡോക്സ് വികാരി റവ.ഫാ. പ്രദോഷ് മാത്യു മുഖ്യസന്ദേശം നല്‍കി. വിവിധ ഗായക സംഘങ്ങളുടെ ശ്രുതി മധുരമായ ക്രിസ്മസ് ഗാനാലാപനം ഉണ്ണിയേശുവിന്റെ തിരുജനനം ഒരിക്കല്‍ കൂടി എല്ലാവരുടേയും ഹൃദയത്തില്‍ ഒരു അനുഭവമാക്കി മാറ്റി. ചടങ്ങിനു ഡീക്കന്‍ റിച്ചി വര്‍ഗീസ് സ്വാഗതം ആശംസിക്കുകയും റവ.ഫാ. ചെറിയാന്‍ കുന്നേല്‍ നന്ദി പ്രകാശി0ിക്കുകയും ചെയ്തു. റവ. ഷിബി ഏബ്രഹാം, ഡീക്കന്‍ എബി വര്‍ഗീസ് എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഈ വര്‍ഷത്തെ സംയുക്ത കരോളിന്റെ സ്തോത്ര കാഴ്ച മാര്‍ത്തോമ സഭയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കുവേണ്ടി മാവേലിക്കരയില്‍ പ്രവര്‍ത്തിച്ചുവരുന്ന ജ്യോതിസ് സ്കൂളിനു കൈമാറും.

റിപ്പോര്‍ട്ട്: ഷാജി ജോര്‍ജ്