എണ്ണവിലയിലെ ചാഞ്ചാട്ടം അതിജീവിക്കാന്‍ സൌദിക്ക് കഴിയും: മന്ത്രിസഭ
Tuesday, December 23, 2014 6:45 AM IST
ദമാം: ലോക വിപണിയില്‍ എണ്ണവിലയിലുള്ള ചാഞ്ചാട്ടം അതിജീവിക്കാന്‍ സൌദി സാമ്പത്തിക മേഖലയ്ക്ക് കഴിയുമെന്ന് സൌദി മന്ത്രിസഭ വ്യക്തമാക്കി. പെട്രോള്‍ വിലയിലുള്ള ഇപ്പോഴത്തെ വിലക്കുറവ് സ്വാഭാവികമാണന്നും കഴിഞ്ഞ കാലങ്ങളില്‍ നല്ല ഉത്പാദനവും നല്ല വളര്‍ച്ചയും കാഴ്ചവയ്ക്കാന്‍ രാജ്യത്തിന് കഴിഞ്ഞിട്ടുണ്െടന്നും സൌദി കീരീടവകാശി സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം വിലയിരുത്തി.

ഈജിപ്തിനും ഖത്തറിനുമിടയിലുള്ള ഭിന്നിപ്പുകള്‍ പരിഹരിക്കുന്നതിനും അവ വിജയം കണ്ടതിനും സൌദി ഭരണാധികാരി അബ്ദുള്ള രാജാവ് നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ മന്ത്രിസഭ അഭിനന്ദിച്ചു. രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി സൌദിയിലെങ്ങും സാമൂഹ്യ സംഘടകള്‍ക്ക് കീഴില്‍ ഉപഭോക്തൃ സമിതികള്‍ രൂപീകരിക്കുന്നതിനും സമിതികള്‍ക്ക് വാണിജ്യ വ്യവസായ മന്ത്രാലയം അംഗീകാരം നല്‍കുന്നതിനും മന്ത്രിസഭ തീരുമാനിച്ചു. വിവരസാങ്കേതിക മേഖലയിലും ബഹിരാകാശ ഗവേഷണങ്ങളിലും കിംഗ് അബ്ദുള്‍ അസീസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും ചൈനയും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള പദ്ധതിക്ക് സൌദി മന്ത്രിസഭ അംഗീകാരം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം